cpm

പാലാ : പാലാ നഗരസഭയിലേയ്ക്ക് സി.പി.എം ടിക്കറ്റിൽ ഈഴവ സമുദായക്കാരി വേണ്ടെന്ന ജോസ് വിഭാഗം കൗൺസിലറുടെ നിലപാട് വിവാദമാകുന്നു. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റും, പാലാ ടൗൺ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയുമായ ബിന്ദു സജി മനത്താനത്തിനെയാണ് ജാതി പറഞ്ഞ് ഒഴിവാക്കിയതെന്ന ആക്ഷേപം ഉയരുന്നത്. ജോസ് വിഭാഗം കൗൺസിലർ ബിജു പാലൂപ്പടവന്റെ ദുർവാശിയിലാണ് 25ാം വാർഡിൽ ബിന്ദു സജിയ്ക്ക് സീറ്റ് ലഭിക്കാത്തതെന്നാണ് ആരോപണം.

സി.പി.എമ്മും, ജോസ്. കെ. മാണിയും ബിന്ദുവിനെ അനുകൂലിച്ചെങ്കിലും വാർഡ് മാറി വരുന്ന ബിന്ദു 25ാം വാർഡിൽ ജയിക്കില്ലെന്ന് മുൻ കൗൺസിലർ കൂടിയായ ബിജു പാലൂപ്പടവൻ നിലപാടെടുത്തു. കഴിഞ്ഞ തവണ 22ാം വാർഡിൽ 4 വോട്ടുകൾക്കാണ് ബിന്ദു തോറ്റത്. ഇത്തവണ 25ാം വാർഡിൽ ഇടതുമുന്നണി സീറ്റ് നൽകുന്നില്ലെങ്കിൽ 22ാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബിന്ദു സജി പറഞ്ഞു. വാർഡ് മാറിയതിനാൽ തന്നെ മത്സരിപ്പിക്കില്ലെന്ന് വാശി പിടിക്കുന്ന ബിജു പാലൂപ്പടവനും ഇത്തവണ വാർഡ് മാറിയാണ് ജനവിധി തേടുന്നതെന്ന് ബിന്ദു പറഞ്ഞു.

 വാർഡ് മാറി വന്നതാണ് പ്രശ്നം

കഴിവുള്ളയാളാണ് ബിന്ദു സജിയെങ്കിലും വാർഡ് മാറി വന്നാൽ അംഗീകരിക്കാനാവില്ല. ഞാൻ നിറുത്തിയ മായാ പ്രദീപ് എന്ന സ്ഥാനാർത്ഥി അവിടെ രണ്ട് തവണ ഭവന സന്ദർശനം പൂർത്തിയാക്കി. ഈഴവ സമൂഹത്തോട് എന്നും ആദരവേയുള്ളൂ. എന്നാൽ ബിന്ദുസജിയെ 25ാം വാർഡിൽ മത്സരിപ്പിക്കുന്നതിനെ ശക്തമായി എതിർക്കും''

ബിജു പാലൂപ്പടവൻ

 പാലാ ടൗൺ ശാഖ പ്രതിഷേധിച്ചു

ബിന്ദു സജികുമാറിന് സീറ്റ് നൽകാൻ ഇടതുമുന്നണിയിൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് ആവശ്യപ്പെടുകയും എസ്.എൻ.ഡി.പി യോഗത്തിന്റെ ഉന്നത നേതൃത്വം ജോസ് കെ മാണിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ ബാലിശമായ കാരണങ്ങൾ നിരത്തി ബിന്ദുവിന് സീറ്റ് നിഷേധിക്കുകയാണ്. യു.ഡി.ഫ് ബിന്ദുവിന് ജയിക്കാവുന്ന സീറ്റ് വാഗ്ദാനം ചെയ്തപ്പോഴും സി.പി.എം. സഹയാത്രികയായ ബിന്ദു വാഗ്ദാനം നിരസിച്ചു. പാലാ നഗരസഭാ പരിധിക്കുള്ളിലെ നാല് ശാഖകളിലായി രണ്ടായിരത്തോളം വോട്ടുകൾ ശ്രീനാരായണീയർക്ക് ഉണ്ട്. മറ്റു പിന്നാക്ക സമുദായ അംഗങ്ങൾക്കും ഗണ്യമായ സ്വാധീനം ഉണ്ടന്ന് ജോസ് കെ മാണി വിഭാഗം ഓർക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. നഗരസഭയിൽ ജോസ് .കെ. മാണി വിഭാഗം മത്സരിക്കുന്ന സീറ്റുകളിൽ അവർക്കെതിരെ ജയസാദ്ധ്യതയുള സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.ആർ.നാരായണൻകുട്ടി, സെക്രെട്ടറി ബിന്ദു സജികുമാർ, കെ.ഗോപി, കെ.ആർ.സൂരജ്, എന്നിവർ സംസാരിച്ചു.