hari

കുമരകം: ഫുട്ബാൾ ആരാധകരുടെ ഇഷ്ടടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള ജേഴ്‌സി കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഹ്രസ്വ ചിത്രത്തിന്റെ മാതൃകയിൽ തയാറാക്കിയ വീഡിയോയിലൂടെയാണ് ജേഴ്‌സി അവതരിപ്പിച്ചത്. വീഡിയോയിലെ പ്രധാന കഥാപാത്രമായ തുന്നൽക്കാരൻ നാരായണേട്ടനെ അവതരിപ്പിച്ച ഹരിശ്ചന്ദ്രൻ തദ്ദേശതിരഞ്ഞെടുപ്പിൽ കുമരകത്ത് സ്ഥാനാർത്ഥി കുപ്പായമണിയുകയാണ്.

താരപരിവേഷത്തോടെയാണ് ഹരിശ്ചന്ദ്രൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. കുമരകം പഞ്ചായത്ത് പത്താം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഹരിശ്ചന്ദ്രന്റെ ഇലക്‌ഷൻ പ്രചരണവും ഫുട്ബാൾ മയമാണ്. ചുറ്റിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ചിലർ ജേഴ്‌സിയിലോ ഫുട്‌ബാളിലോ ഓട്ടോഗ്രാഫ് വാങ്ങും. വോട്ട് ചോദിച്ച് വീടുകളിൽ കയറുമ്പോഴും ഫുട്ബാൾ വിശേഷം. കുട്ടിക്കാലത്ത് സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ യാദൃശ്ചികമായാണ് ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാളായ രഞ്ജിത്,​ ഹരിശ്ചന്ദ്രന്റെ സഹോദരന്റെ മകനായ അച്ചുതിന്റെ സുഹൃത്താണ്. സൗഹൃദ സംഭാക്ഷണത്തിനിടയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന രഞ്ജിത്തിന്റെ ചോദ്യമാണ് ഹരിശ്ചന്ദ്രനെ ഹ്രസ്വചിത്രത്തിലേക്കെത്തിച്ചത്. ഇതിനോടകം മറ്റൊരു ടെലിഫിലിമിലും അഭിനയിച്ചു. കോളേജ് പഠനകാലത്ത് ഹരിശ്ചന്ദ്രൻ കോട്ടയം ബസേലിയസ് കോളേജിലെ എഡിറ്ററും,കൗൺസിലറുമായിരുന്നു. കുമരകം പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റാണ്.