kcm

കോട്ടയം : ഇടതുമുന്നണിയിലുള്ള ജോസിന് തദ്ദേശതിരഞ്ഞെടുപ്പിൽ ഇനി വോട്ടർമാരെ ടേബിൾ ഫാൻ കറക്കി കാണിക്കണം. യു.ഡി.എഫിലുള്ള ജോസഫിനാകട്ടെ ചെണ്ടകൊട്ടി കേൾപ്പിക്കണം. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ കേരള കോൺഗ്രസ് ചിഹ്നമായ രണ്ടില മരവിപ്പിച്ചാണ് പുതിയ ചിഹ്നം ഇരുകൂട്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അനുവദിച്ചത്. നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് വിഭാഗത്തിനായിരുന്നു രണ്ടില ചിഹ്നം അനുവദിച്ചത്.

ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവ് താത്കാലികമായി സ്റ്റേചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രണ്ടില തങ്ങൾക്ക് അനുവദിക്കണം എന്ന് ഇരുവിഭാഗവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ മുൻപാകെ അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് കൊണ്ട് കമ്മിഷണർ വി.ഭാസ്‌കരൻ ഉത്തരവിറക്കിയത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് പാർട്ടി വർക്കിംഗ് ചെയർമാനായിരുന്ന പി.ജെ.ജോസഫ് രണ്ടില ചിഹ്നം നൽകിയില്ല. പാർട്ടിയിലെ പിളർപ്പിനും ജോസ് വിഭാഗം മുന്നണി വിടുന്നതിനും വഴി മരുന്നിട്ടത് ഇതായിരുന്നു. രണ്ടിലയ്ക്ക് പകരം അവസാന നിമിഷം കൈതച്ചക്ക ചിഹ്നത്തിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം മത്സരിച്ചെങ്കിലും മാണി സി കാപ്പനു മുന്നിൽ പരാജയപ്പെട്ടു. അരനൂറ്റാണ്ടായി കെ.എം.മാണി വിജയിച്ചുവന്ന പാലാ അങ്ങനെ കേരളകോൺഗ്രസിന് നഷ്ടവുമായി.

കേരളകോൺഗ്രസ് വിഭാഗം ചിഹ്നങ്ങൾ

പി.സി.ജോർജിന് : രണ്ടിലയോട് കൂടിയ ആപ്പിൾ

പി.സി.തോമസിന് : കസേര

സ്ക​​​റി​​​യ തോ​​​മ​​​സി​​​ന് : ലാ​​​പ്ടോ​​​പ്പ്

ഇരുവിഭാഗവും ചിഹ്നം വിളിച്ചത് അഞ്ചര പതിറ്റാണ്ട്

1964ൽ ഒക്ടോബർ 9 ന് കേരളകോൺഗ്രസ് കുതിര ചിഹ്നത്തോടെ പിറന്നു

1979ൽ ജോസഫ് മാണി വിഭാഗങ്ങളായി പിളർന്നു. കുതിര മാണിയ്ക്ക് ,ആന ജോസഫിന്

1985 ൽ ലയനം ,ചിഹ്നം വീണ്ടും കുതിരയായി

1987 ൽ പിളർന്നു, കുതിര ജോസഫിന് മാണിക്ക് രണ്ടില

1990 ൽ പക്ഷി മൃഗാദികളെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കാൻ പാടില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മേനക ഗാന്ധിയുടെ ഇടപെടൽ. ജോസഫ് ഗ്രൂപ്പിന് കുതിര ചിഹ്നം പോയി. പകരം സൈക്കിൾ.

2009 ൽ ലയനം രണ്ടില വീണ്ടും ചിഹ്നം

2019ൽ പാലാ ഉപതിര‌ഞ്ഞെടുപ്പ് .ജോസ് വിഭാഗം സ്ഥാനാർത്ഥിയ്ക്ക് ചിഹ്നം കൈതച്ചക്ക

2020 ആഗസ്റ്റ് 31 രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് വിഭാഗത്തിന് അനുവദിച്ചു

ജോസഫിന്റെ പരാതി. ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചു