കോട്ടയം : കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒരിടത്ത് ചൂടുപിടിച്ച രാഷ്ട്രീയ ചർച്ച. മറ്റൊരു മുറിയിൽ ഫോട്ടോയെടുപ്പ് മഹാമഹം. ചർച്ചയും ഫോട്ടോയെടുപ്പും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും ചൂടുപിടിച്ച ചർച്ചയ്ക്കിടെ കൂളായി പൗഡറും പൂശി കാമറയ്ക്ക് മുന്നിൽ ചെന്ന് ഫോട്ടോയുമെടുത്തുമടങ്ങുകയാണ് പാർട്ടി സ്ഥാനാർത്ഥികൾ.
മാണി സാറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലെ പോലെ ഫോട്ടോ വേണമെന്ന് സ്ഥാനാർത്ഥികളെല്ലാം ആവശ്യമുന്നയിച്ചപ്പോൾ ഓഫീസ് തന്നെ സ്റ്റുഡിയോയായി മാറി. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജോസ് വിഭാഗക്കാരുടെയെല്ലാം ഫോട്ടോഗ്രാഫർ ഒറ്റയാളാണ്. ബിറ്റു. വർഷങ്ങളായി കേരള കോൺഗ്രസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ ബിറ്റുവും ടീമും ഇക്കുറി സ്റ്റുഡിയോ സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്ക് പറിച്ചു നടുകയായിരുന്നു. അതിന് കാരണവുമുണ്ട്.
കേരള കോൺഗ്രസിന്റെ ചടങ്ങുകൾ മാത്രമല്ല, കെ.എം.മാണിയുടേയും ജോസ് കെ.മാണിയുടേയുമൊക്കെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾക്ക് വേണ്ട ചിത്രങ്ങൾ എടുത്തു കൊടുക്കുന്നതും ബിറ്റുവായിരുന്നു. നിർണായകമായ തിരഞ്ഞെടുപ്പിൽ എല്ലാവർക്കും ബിറ്റു ഫോട്ടോയെടുത്താൽ മതിയെന്ന നിർദ്ദേശം വച്ചതോടെയാണ് ഓഫീസിലെ ഒരു മുറി സ്റ്റുഡിയോ ആക്കിയത്. മാണി സാറിന്റെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞിട്ടുള്ള സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥാനാർത്ഥികൾക്ക് സ്വന്തം വീട് പോലെയാണ്. അതുകൊണ്ട് തന്നെ സ്റ്റുഡിയോയിൽ പോയി കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴുള്ള പമ്മലും പരുങ്ങലും ടെൻഷനുമൊന്നും വേണ്ട. ചിരിയൊക്കെ താനേയിങ്ങ് പോരും.
കേരള കോൺഗ്രസ് ഓഫീസിന് സമീപമാണ് ബിറ്റുവിന്റെ വൃന്ദാവൻ സ്റ്റുഡിയോ.