കട്ടപ്പന: ഇടുക്കി വിരുദ്ധരുടെ ഒത്തുചേരലും ആഘോഷവുമാണ് പട്ടയവിതരണത്തിനെതിരെയുള്ള വക്കീൽ നോട്ടീസെന്ന് മുൻ എം.പി. ജോയ്‌സ് ജോർജ്. കോൺഗ്രസ് നേതാക്കളും പരിസ്ഥിതിവാദികളും കർഷകർക്കെതിരായി നടത്തുന്ന ഗൂഢാലോചനയുടെ ഉത്പ്പന്നമാണിത്. ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെ പിന്നിൽനിന്ന് കുത്താൻ ഒപ്പം ചേർന്നവർ ഇപ്പോഴും എറണാകുളത്ത് തമ്പടിച്ചുകിടക്കുന്നു. എം.എം. മണിയെയും എൽ.ഡി.എഫ്. നേതാക്കളെയും കൈയേറ്റക്കാരെ സംരക്ഷിക്കുന്നവരെന്ന് മുദ്രകുത്തി ജനത്തെ തെറ്റിദ്ധരിപ്പിച്ച പാർലമെന്റ് അംഗത്തിന്റെ ഒത്താശയോടെയാണ് പട്ടയവിതരത്തിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കാൻ പരിസ്ഥിതി സംഘടനകൾക്ക് ഊർജം ലഭിച്ചത്.
ഭൂപ്രശ്‌നം കോടതി വ്യവഹാരങ്ങളിൽ തളച്ചിട്ട് സങ്കീർണമാക്കാൻ ശ്രമിക്കുന്നവരാണ് പുതിയ നീക്കത്തിന് പിന്നിൽ. കട്ടപ്പനയിലെ സമരനാടകം പൊളിഞ്ഞതിന്റെ പക തീർക്കാനാണ് പിൻവാതിലിലൂടെ സർക്കാരിന്റെ പട്ടയ വിതരണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത്. ഹരീഷ് വാസുദേവൻ ചില കോൺഗ്രസ് നേതാക്കളുടെ കൊടാലിക്കൈ മാത്രമാണ്. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഹരീഷ് വാസുദേവൻ സർക്കാരിന് നോട്ടീസ് അയച്ചിട്ടുള്ളത്. ഈ സംഘടന നടത്തിയ നിയമവ്യവഹാരത്തിലൂടെ 30 വർഷത്തോളമാണ് ഇടുക്കിയിലെ പട്ടയവിതരണം തടസപ്പെട്ടത്. എൽ.ഡി.എഫ്. സർക്കാർ എല്ലാ നിയമ പോരാട്ടങ്ങളും പരിശോധിച്ചാണ് പട്ടയ നടപടി പൂർത്തിയാകുന്നതെന്നും പരിസ്ഥിതികോൺഗ്രസ് കൂട്ടുകെട്ടിന് നിരാശപ്പെടേണ്ടി വരുമെന്നും ജോയ്‌സ് ജോർജ് പറഞ്ഞു. പത്ത് ചെയിൻ, പെരിഞ്ചാംകുട്ടി, കുത്തുങ്കൽ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, കരിമണ്ണൂർ, ഉടുമ്പന്നൂർ പ്രദേശങ്ങളിലേയും 1964 ലെ ചട്ടപ്രകാരം നൽകിയ പട്ടയത്തെ തടസപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പട്ടയനടപടി അട്ടിമറിക്കാൻ നടത്തുന്ന നീക്കം തിരിച്ചറിയണമെന്നും ജോയ്‌സ് ജോർജ് പറഞ്ഞു.