എരുമേലി: വാദ്യമേളങ്ങളില്ല,​ നാമജപങ്ങളില്ല... മണ്ഡലകാലത്തെ പതിവ് തിരക്കുകളുമില്ല. ശരണംവിളകൾ പോലും പേരിന് മാത്രം. മണ്ഡലകാലമെത്തിയിട്ടും തിരക്കുകളിൽ നിന്ന് അകന്നുനിൽക്കുകയാണ് എരുമേലി നഗരം. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കാഴ്ചയെന്ന് എരുമേലി നിവാസികൾ ഒരേസ്വരത്തിൽ പറയുന്നു.

മണ്ഡലകാലം ആരംഭിച്ചാൽ എരുമേലിയുടെ രാവുകൾ പകലുകളായിരുന്നു. ഇന്ന് വഴി വാണിഭക്കാരില്ലാത്ത, വാദ്യമേളക്കാരില്ലാത്ത എരുമേലിയായി. മുൻ കാലത്ത് പേട്ടതുള്ളുവാനായി പാണനില കച്ചവടവും, ശരങ്ങളുടെ വില്പനക്കാരും പേട്ടതുള്ളുന്നതിനുള്ള കുങ്കുമവില്പനക്കാരും എരുമേലിയിൽ സജീവമായിരുന്നു. പക്ഷേ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ താത്കാലിക കച്ചവടക്കാർ ആരെയും തന്നെ നഗരത്തിൽ കാണാനില്ല.

ഇത്തവണ താല്ക്കാലിക ഹോട്ടലുകൾ ഒന്നും തന്നെ എരുമേലിയിൽ പ്രവർത്തിക്കുന്നില്ല. വ്യാപാരികളുടെ മുഖങ്ങളിൽ ആ പതിവ് സന്തോഷച്ചിരിയുമില്ല.

തീർത്ഥാടകർ @700

എരുമേലിയിലെത്തുന്ന തീർത്ഥാടകരിലേറെയും അന്യസംസ്ഥാനക്കാരാണ്. വൃശ്ചികതലേന്ന് അറുനൂറിലേറെപ്പേർ എരുമേലിയിൽ നിന്ന്
കണമല വഴി ശബരിമലയിലേക്ക് ദർശനത്തിനായി പോയി. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലിയിൽ എത്തിയ ശബരിമല തീർത്ഥാടകരുടെ എണ്ണം 700 ൽ താഴെ മാത്രമാണ്. പേട്ടതുള്ളൽ ആരംഭിക്കുന്ന എരുമേലി കൊച്ചമ്പലവും വാവരു പള്ളിയുമൊക്കെ തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.