പൊൻകുന്നം: പൊൻകുന്നം-പുനലൂർ റോഡിന്റെ പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്തെ വീടിന്റെ സംരക്ഷണഭിത്തി പൊളിഞ്ഞു. വിമുക്തഭടൻ ചെറുവള്ളി കാവുംഭാഗം ളാഹയിൽ മുരളീധരൻ നായരുടെ വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ ഡിസംബറിലാണ് മണ്ണ് നീക്കം ചെയ്തത്. നേരത്തെ പരാതി നൽകിയപ്പോൾ റോഡ് നിർമാണം നടക്കുമ്പോൾ ഭിത്തി നിർമ്മിച്ചു നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. മഴയിൽ കഴിഞ്ഞ ദിവസം കൽക്കെട്ട് പൊളിഞ്ഞുവീണു. ഇതേതുടർന്ന് വീട്ടുടമ വീണ്ടും പരാതി നൽകി. പരാതി കൺസൾട്ടൻസിക്ക് കൈമാറിയെന്നും പരിഹാരം കണ്ടെത്തുമെന്നുമാണ് കെ.എസ്.ടി.പി വിശദീകരണം.