ചങ്ങനാശേരി: ഫ്‌ളക്‌സും ബാനറും ഒന്നും വേണ്ട, കൊവിഡ് ഭീതിയും വേണ്ട. ലോകത്തിന്റെ ഏത് കോണിലിരുന്നും സ്ഥാനാർത്ഥിക്ക് പ്രചാരണം നടത്താം. മുൻപൊക്കെ മതിലുകളിലും മരങ്ങളിലും കവലകളിലും നിറഞ്ഞ് നിന്നിരുന്ന വലുതും ചെറുതുമായ സ്ഥാനാർത്ഥികളുടെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോൾ നൂതന സമൂഹമാദ്ധ്യങ്ങളിലെ സ്‌റ്റോറികളിലും പ്രൊഫൈലുകളിലും ടാഗുകളിലുമാണ് നിറഞ്ഞു നിൽക്കുന്നത്.
തദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളും അനൗൺസ്‌മെന്റുകളും ന്യൂജെൻ തരംഗമായി സമൂഹമാദ്ധ്യമങ്ങളിൽ പടരുകയാണ്. വാട്‌സ്ആപ്പ്, എഫ്.ബി, ഇൻസ്റ്റാഗ്രാം, എഫ്.ബി ഗ്രൂപ്പുകൾ തുടങ്ങി നിരവധി ആപ്പുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും പ്രചാരണം കൊഴുക്കുകയാണ്. രാഷ്ട്രീയഭേദം മറന്ന് സ്ഥാനാർത്ഥികൾ വോട്ടർമാരെ ഗ്രൂപ്പിലാക്കുമ്പോൾ ഇതെല്ലാം കണ്ട് മടുക്കുകയാണ് പല ഫോൺ ഉപഭോക്താക്കളും.
ഇതിനെല്ലാം പുറമേ, അനൗൺസ്‌മെന്റ് വണ്ടികളും വീഡിയോ രൂപത്തിലും ഇറങ്ങുന്നുണ്ട്. ആനിമേഷൻ സംവിധാനത്തിലാണ് ഈ ഓടുന്ന വണ്ടിയും മറ്റും ഇറങ്ങുന്നത്.