കാഞ്ഞിരപ്പള്ളി: വിലക്കുകൾ ലംഘിച്ച് മല അരയർ കാനനപാതയിലൂടെ ശബരീശദർശനം നടത്തുമെന്ന് ഐക്യമല അരയ മഹാസഭയും ശ്രീ അയ്യപ്പധർമ്മ സംഘവും സംയുക്തമായി പ്രതിജ്ഞയെടുത്തു. മൂഴിക്കൽ ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതീകാത്മക മകരവിളക്കിനു മുമ്പിലാണ് സ്വാമി മുദ്രയണിഞ്ഞ് പ്രതിജ്ഞയെടുത്തത്. തുടർന്ന് പ്രതിഷേധയോഗവും പ്രതിഷേധ ജ്വാല തെളിക്കലും മൂഴിക്കൽ കാനനപാതയിൽ നടന്നു. ഐക്യമല അരയ മഹാസഭയുടെ ശാഖാ ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രതിഷേധജ്വാല പ്രകാശിപ്പിച്ചു. പതിറ്റാണ്ടുകളായി മലയരയർ ശബരിമല ദർശനത്തിനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത കാനനപാതയാണ് ഈ വർഷം കൊവിഡിന്റെ പേരിൽ അടച്ചത്. പ്രതിഷേധയോഗത്തിൽ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ്,പ്രസിഡന്റ് സി.ആർ ദിലീപ് കുമാർ ,ശ്രീഅയ്യപ്പധർമ്മസംഘം പ്രസിഡന്റ് വി.പി രാജപ്പൻ ,ജനറൽ സെക്രട്ടറി കെ.എൻ പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.