അടിമാലി:വ്യാജമായി വരുമാന സർട്ടിഫിക്ക് നിർമ്മിച്ച് നൽകിയ സംഭവത്തിൽ കമ്പ്യൂട്ടർസ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു.കബ്ലികണ്ടം ഇ.സി.കമ്പ്യൂട്ടർ സ്ഥാപന ഉടമക്കെതിരെയാണ് വെളളത്തൂവൽ പൊലീസ് കേസ് എടുത്തത്.നവംബർ 11 ന് മുരിക്കാശ്ശേരിയിലെ അക്ഷയ കേന്ദ്രത്തിൽ നിന്ന് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യാൻ ഹാജരാക്കിയ വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയത്തെ തുടർന്ന് വിവരം ജില്ലാ കളക്ടറെ അറിയിച്ചു.കളക്ടർ ഐടി സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതോടെയാണ് വരുമാന സർട്ടിഫിക്കറ്റ് വ്യാജമായാണ് നിർമ്മിച്ചതെന്ന് കണ്ടെത്തിയത്.ബാർകോഡ്,വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉൾപ്പെടെ വ്യാജമായി കമ്പ്യൂട്ടർ സ്ഥാപന നിർമ്മിച്ചാണ് വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.ഇത്തരത്തിൽ നിരവധി സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയിരുന്നതായി സംശയിക്കുന്നു. വില്ലേജ് ഓഫീസറുടെ നേവൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് സർട്ടിഫിക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.കളക്ടറുടെ നിർദ്ദേശപ്രകാരം കൊന്നത്തടി വില്ലേജ് ഓഫീസർ വെളളത്തൂവൽ പൊലീസിൽ പരാതി നൽകി.തുടർന്നാണ് വെളളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.കൊന്നത്തടി പഞ്ചായത്തിൽ സംസ്ഥാന വനിത വികസന കോർപ്പറേഷൻ അപേക്ഷയും ലോൺ എടുക്കലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.ലോൺ ശരിപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വലിയ തുക വാങ്ങിയതായും വിവരമുണ്ട്.ഇത് സംബന്ധിച്ചും വ്യാജ രേഖ നിർമ്മാണവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു.വെളളത്തൂവൽ സി.ഐ ആർ.കുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം.