ടി വി പുരം: കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി 11 കെവി ലൈനിലും റോഡിലും വീണു വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. ടി.വി പുരം കോട്ടച്ചിറ,ശ്രീരാമ ക്ഷേത്രത്തിനു സമീപത്തെ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വ്യാപക നാശമുണ്ടായത്. ടി വി പുരം കോയിപറമ്പിൽ പരമേശ്വരൻ, വട്ടയിൽ പാപ്പച്ചൻ, തൃണയംകുടം രവീന്ദ്രൻ, മറ്റപള്ളി ബേബി ലൂയിസ് തുടങ്ങിയവരുടെ വീടുകൾക്ക് നാശം സംഭവിച്ചു.വൈക്കം ഫയർ സ്‌റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.വൈക്കം ഫയർ സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ സി.എ.ജോസഫ്, ഫയർ ഓഫീസർമാരായ ലെജി സി. ശേഖർ, അലക്‌സ് ,ജോമോൻ,രാംജി, അമർജിത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി