candidates
അഡ്വ. പി.എ നസ്സീർ, പി. നിസ്സാർ

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ തിരഞ്ഞെടുപ്പിൽ സഹോദരങ്ങൾ അങ്കത്തട്ടിൽ. നഗരസഭയിലെ ഹാട്രിക് വിജയത്തിനായി എൽ.ഡി.എഫിലെ പി.എ. നസീർ 12-ാം വാർഡിൽ മത്സരിക്കുമ്പോൾ 29-ാം വാർഡിനുവേണ്ടി പി.എ. നിസാർ കന്നിയങ്കത്തിന് ഇറങ്ങുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് എൽ.ഡി.എഫിനുവേണ്ടി ഏറെ തവണ പ്രവർത്തിക്കുകയും എൽ.സിയുടെ കീഴിലുള്ള പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായും സെക്രട്ടറിയായും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വവും വഹിച്ച പി.എ. നിസാർ പുഴവാത് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്. കൊച്ചിൻ സർവ്വകലാശാല യൂണിയൻ ചെയർമാൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാജോയിന്റ് സെക്രട്ടറി പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിക്കുകയാണ്.

അഡ്വ. പി.എ. നസീർ നഗരസഭയിൽ രണ്ടുപ്രാവശ്യം സി.പി.എം കൗൺസിലറായി 12,13 വാർഡുകളിൽ നിന്ന് വിജയിച്ചിട്ടുണ്ട്. നിലവിലെ കൗൺസിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ്. ചങ്ങനാശേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ഇഞ്ചിപ്പറമ്പിൽ അബ്ദുൽ സലാമിന്റെ മക്കളായ ഇവർ വിദ്യാഭ്യാസ കാലയളവിലാണ് ഇരുവരും രാഷ്ട്രീയ പ്രവർത്തന രംഗത്ത് എത്തിയത്.