പൊൻകുന്നം: സമീപ പഞ്ചായത്തുകളിലായി സമാനതകളേറെയുള്ള നാലു സ്ത്രീകൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നാലുപേരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നുവെന്നതാണ് മുഖ്യ സവിശേഷത. ചിറക്കടവിൽ അഡ്വ.ജയാശ്രീധർ, എലിക്കുളത്ത് പി.സുമംഗലാദേവി, കാഞ്ഞിരപ്പള്ളിയിൽ ഷക്കീല നസീർ, വാഴൂരിൽ പ്രൊഫ.എസ്.പുഷ്‌ക്കലാദേവി എന്നിവരാണ് ഈ വീരാംഗനനമാർ. നാലുപേരും ഇടതുമുന്നണി പ്രതിനിധികൾ.
200510ൽ പ്രസിഡന്റുമാരായിരുന്ന ഷക്കീല നസീറും, ജയാശ്രീധറും, എം.പി. സുമംഗലാദേവിയും 2015 ൽ വീണ്ടുംപ്രസിഡന്റുമാരായി. 2010മുതൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന പ്രൊഫ.എസ്,പുഷക്കലാദേവി 2015ലാണ് ആദ്യമായി പ്രസിഡന്റായത്. ഷക്കീല നസീർ ബ്ലോക്കിലേക്കും മറ്റ് മൂന്നുപേരും ഗ്രാമപഞ്ചായത്തിലേക്കുമാണ് ഇപ്പോൾ മത്സരിക്കുന്നത്.
20 അംഗങ്ങളുള്ള ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 9അംഗങ്ങളുടെ പിന്തുണയോടെ ഭൂരിപക്ഷമില്ലാതെയാണ് അഡ്വ.ജയാശ്രീധർ കാലാവധി പൂർത്തിയാക്കിയത്. തുടക്കം മുതൽ വിവാദങ്ങളുടെ നടുവിലായിരുന്നെങ്കിലും നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടിയാണ് ജയാശ്രീധർ വീണ്ടും ജനവിധി തേടുന്നത്.
നറുക്കെടുപ്പിലൂടെയാണ് എലിക്കുളത്ത് എം.പി. സുമംഗലാദേവി രണ്ടാം തവണ പ്രസിഡന്റായത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് അഞ്ചുവർഷം പൂർത്തിയാക്കി. പഞ്ചായത്ത് ഓഫീസിന് പുതിയ മന്ദിരം നിർമ്മിച്ചതടക്കം ഭരണനേട്ടങ്ങൾ ഒരുപാടുണ്ട്.
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഷക്കീല നസീർ രണ്ടാം ഊഴം പൂർത്തിയാക്കിയത്. ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ, ചിറ്റാർപുഴയിലെ മാലിന്യം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിയാത്ത തലവേദനയായി കൂടെയുണ്ടായിരുന്നെങ്കിലും പ്രസിഡന്റിന്റെ ജനകീയമുഖം കൂടുതൽ തിളങ്ങുന്ന വികസനപ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കി എന്ന വിശ്വാസത്തോടെയാണ് പടിയിറക്കം. ഇപ്പോൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്തിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ സ്ഥാനാർത്ഥിയാണ്.
സൗമ്യതയുടെ മുഖമാണ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവിയെ വാഴൂരിന്റെ പ്രിയങ്കരിയാക്കിയത്. വനിതകൾക്കും വയോജനങ്ങൾക്കും തുണയേകുന്ന പദ്ധതികൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയതാണ് പ്രസിഡന്റ് എന്ന നിലയിൽ ടീച്ചർക്ക് സംതൃപ്തി പകരുന്നത്.