election

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണെങ്കിലും കോട്ടയത്ത് യു.ഡി.എഫിൽ പല സീറ്റിലും ധാരണയാകാതെ തർക്കം തുടരുകയാണ്. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിൽ കോൺഗ്രസിലും എൽ.ഡി.എഫിൽ ജോസ് വിഭാഗത്തിലും പ്രധാനമായും രണ്ടു സീറ്റിൽ സ്ഥാനാർത്ഥി ആയില്ല. എൻ.ഡി.എ മാത്രമാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പേരു വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. യു.ഡി.എഫിലും എൽ.ഡി.എഫിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി .

എ, ഐ തർക്കം തുടരുന്നതിനാൽ അയർക്കുന്നം ഡിവിഷനിൽ കോൺഗ്രസിലെ ഫിൽസൺ മാത്യു, റെജി എം. ഫിലിപ്പോസ് എന്നിവരുടെ കാര്യത്തിൽ അവസാന തീരുമാനമായില്ല. ഫിൽസന്റെ പേര് എ വിഭാഗം പ്രതിനിധിയായി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ചതായിരുന്നു. ഐ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയാണ് തർക്കമായത്. കുറിച്ചി ഡിവിഷനിൽ പി.കെ.വൈശാഖ് , ജോണി ജോസഫ് എന്നിവരുടെ പേരുകളിൽ വൈശാഖിന് മുൻതൂക്കമുണ്ടെങ്കിലും പ്രഖ്യാപനമായില്ല . വൈക്കത്ത് പി.പി.രാജമ്മ, ബീന വി. നായർ എന്നിവരിലൊരാളെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനിടയിൽ ജോസഫ് വിഭാഗം സന്ധ്യാ സുദർശനെ പ്രഖ്യാപിച്ചത് കോൺഗ്രസിനെ ഞെട്ടിച്ചു.

കോൺഗ്രസ് തന്ത്രം അവർക്കുതന്നെ പാരയായി

ഇടതുമുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുന്നതു ലക്ഷ്യമിട്ട് യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിന് ഒമ്പതു ജില്ലാ പഞ്ചായത്ത് സീറ്റ് ആദ്യം നൽകിയത് കോൺഗ്രസിന് പാരയായി. വൈക്കം അടക്കം ഒമ്പതു സീറ്റ് പ്രഖ്യാപിച്ച ശേഷം വൈക്കം സീറ്റ് ഏറ്റെടുത്ത് എട്ട് സീറ്റിൽ ജോസഫിനെ ഒതുക്കാനായിരുന്നു കോൺഗ്രസ് തന്ത്രം. എന്നാൽ വൈക്കം സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം പ്രചാരണത്തിനിറങ്ങിയതോടെ വൈക്കത്ത് യു.ഡി.എഫിൽ കോൺഗ്രസിനും ജോസഫിനും ഒരോ സ്ഥാനാർത്ഥികളായി. ഒരാളെ പിൻവലിപ്പിക്കാനുള്ള മാരത്തോൺ ചർച്ച ഉമ്മൻചാണ്ടിയുടെയും പി.ജെ.ജോസഫിന്റെയും നേത്വത്വത്തിൽ ഇന്നലെയും തുടർന്നു.

എൽ. ഡി.എഫിൽ രണ്ടിടത്ത് തർക്കം

ഇടതു മുന്നണി സി.പി.എം, സി.പി.ഐ സീറ്റുകളിൽ സ്ഥാനാർത്ഥികളായെങ്കിലും ജോസിന് നൽകിയ 9 സീറ്റിൽ കുറവിലങ്ങാട്, ഭരണങ്ങാനം സീറ്റുകളിലെ തർക്കം തുടരുകയാണ്. പൂഞ്ഞാറിൽ സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവും തർക്കത്തിലായി. നിർമല ജിമ്മി, പി.ജി.മെറിൻ, രാജേഷ് വാളിപ്ലാക്കൽ, ബെന്നി മുണ്ടന്താനം എന്നിവരെ പല സീറ്റുകളിലേക്കും പരിഗണിക്കുന്നു .തർക്കം കാരണം തീരുമാനം നീളുകയാണ് . ഇന്ന് മൂന്നു വരെയാണ് പത്രിക നൽകാനുള്ള അവസാന സമയം.

ഇരു മുന്നണിയിലും ചർച്ചയായി

കേരളകൗമുദി റിപ്പോർട്ട്

സ്ഥാനമാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായ പ്രാതിനിധ്യം അട്ടിമറിച്ചതു ചൂണ്ടിക്കാട്ടിയുള്ള

കേരളകൗമുദി റിപ്പോർട്ട് ഇരു മുന്നണിയിലും ചർച്ചയായി. ഈഴവ ഭൂരിപക്ഷ ഡിവിഷനുകളിലും അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ പ്രതിഷേധം ഉയർന്നതോടെ അവസാന നിമിഷം പിന്നാക്ക പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.