കോട്ടയം: ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളെ സെക്രട്ടറി സി.കെ ശശിധരൻ പ്രഖ്യാപിച്ചു. എരുമേലി, വൈക്കം, കങ്ങഴ, വാകത്താനം ഡിവിഷനുകളിലാണ് സി.പി.ഐ മത്സരിക്കുക.
എരുമേലിയിൽ ശുഭേഷ് സുധാകരനും വൈക്കത്ത് പി.എസ് പുഷ്പമണിയും കങ്ങഴയിൽ ഹേമലതാ പ്രേംസാഗറും വാകത്താനത്ത് ലൈസാമ്മ ജോർജുമാണ് സ്ഥാനാർത്ഥികൾ.
സി.പി.ഐ സംസ്ഥാന കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ശുഭേഷ് ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുകൂടിയാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷൻ അംഗമായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും, കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഹേമലത. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കേരള മഹിളാസംഘം
തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി.എസ് പുഷ്പമണി ബ്രഹ്മമംഗലം സ്വദേശിയാണ്. ലൈസാമ്മ ജോർജ് എട്ടുവർഷം വാകത്താനം പഞ്ചായത്ത് പ്രസിഡന്റ്, മാടപ്പള്ളി ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്കംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.