അടിമാലി: ഭിന്നശേഷികുട്ടികൾക്കായുള്ള ഓൺലൈൻ ട്വിന്നിംഗ് പ്രോഗ്രാം അടിമാലി,ആലപ്പുഴ ബിആർസികളുടെ നേതൃത്വത്തിൽ നടന്നു.സംസ്ഥാനത്തെ മുഴുവൻ ബിആർസികളിലും ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി നടന്നു വരുന്ന ഓൺലൈൻ ട്വിന്നിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു അടിമാലി,ആലപ്പുഴ ബിആർസികളുടെ നേതൃത്വത്തിലും പരിപാടി ഒരുക്കിയത്.സംഗീത സംവിധായകൻ ജോസി ആലപ്പുഴ വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.കൊവിഡ് കാലത്ത് വീട്ടിലകപ്പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈനായി പരസ്പരം കാണുവാനും ആശയവിനിമയം നടത്തുവാനും അവസരമൊരുക്കുകയാണ് ട്വിന്നിംഗ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.എല്ലാ ബുധനാഴ്ച്ചകളിലുമാണ് കുട്ടികൾക്കായി ഓൺലൈൻ ട്വിന്നിംഗ് പ്രോഗ്രാം നടക്കുക.ജാലകങ്ങൾപ്പുറമെന്ന പേരിൽ എൽ പി, യു പി വിഭാഗങ്ങൾക്കായി രാവിലെ പത്ത് മുതൽ നടത്തിയ പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും ഇടുക്കിയേയും ആലപ്പുഴയേയും അറിയാൻ സഹായിക്കുന്ന വീഡിയോ പ്രസന്റേഷനുമൊരുക്കിയിരുന്നു.അടിമാലി,ആലപ്പുഴ ബിആർസികൾക്ക് കീഴിൽ വരുന്ന വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെയാണ് ട്വിന്നിംഗ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നത്.