തിരഞ്ഞെടുപ്പിൽ സീറ്റില്ല:
പാർട്ടി പതാക പിഴുതെറിഞ്ഞ് കോൺഗ്രസ് നേതാവ്
കട്ടപ്പന: സീറ്റിനായി ആശിച്ചുമോഹിച്ചു കാത്തിരുന്നിട്ട് ഒടുവിൽ പേരു വെട്ടിയതോടെ കോൺഗ്രസ് പതാക 'മനസിൽ' നിന്നും വീട്ടുപടിക്കൽ നിന്നും പറിച്ചുമാറ്റി കോൺഗ്രസ് ജില്ലാ നേതാവ്. അതേസമയം മറ്റൊരിടത്ത് സീറ്റ് ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കോൺഗ്രസിലെ പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥി നേതാക്കളോട് തുറന്നടിച്ചു. ഒടുവിൽ ആത്മഹത്യ ഭീഷണി ഫലം കണ്ടതോടെ ഇദ്ദേഹം സീറ്റ് നിലനിർത്തി. എന്നാൽ ജില്ലാ നേതാവിന്റെ പ്രതിഷേധം, 'കലിപ്പ്' മാത്രമായി അവസാനിച്ചു.
ബാലികേറാമലയായ യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന്റെ പരിണിതഫലമാണിപ്പോൾ പ്രതിഷേധങ്ങളായി പുറത്തുവരുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് സീറ്റിനായി കണ്ണും നട്ടിരിക്കുകയായിരുന്നു ഡി.സി.സി. ഭാരവാഹിയായ ഇദ്ദേഹം. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ, വണ്ടൻമേട് ഡിവിഷനുകൾ എ, ഐ ഗ്രൂപ്പുകൾ വച്ചുമാറുമ്പോൾ തന്നെ പരിഗണിക്കണമെന്നായിരുന്നു ഇദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡിവിഷനുകൾ വച്ചുമാറാൻ ഗ്രൂപ്പുകൾ തയാറായില്ലെന്നു മാത്രമല്ല, ഇദ്ദേഹം ആവശ്യപ്പെട്ടിരുന്ന വണ്ടൻമേട് ഡിവിഷനിലേക്കു പരിഗണിച്ചതുമില്ല. ചർച്ചകൾക്കുശേഷം മോഹഭംഗ മനസുമായി നേതാവ് രാത്രി വീട്ടിലെത്തിയ പാടെ വീട്ടുപടിക്കൽ സ്ഥാപിച്ചിരുന്ന പതാക പിഴുതുമാറ്റുകയായിരുന്നു.
ഘടകകക്ഷികളെ അനുനയിപ്പിക്കാനായി സ്ഥാനാർത്ഥിത്വം വിട്ടുനൽകാമോയെന്നു ചോദിച്ചപാടെയാണ് മറ്റൊരു കോൺഗ്രസ് നേതാവ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 201015 കാലയളവിൽ നെടുങ്കണ്ടം പഞ്ചായത്ത് അംഗമായിരുന്ന ഇദ്ദേഹം സ്ഥാനാർഥി പട്ടികയിൽ നിന്നു ഒഴിവാക്കിയാൽ 'തന്നെ ഇനി കാണില്ല' എന്ന് നേതാക്കളോട് മുഖത്തുനോക്കി പറഞ്ഞു. ഘടകകക്ഷികൾ വാളോങ്ങി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു നേതാക്കൾ ഇദ്ദേഹത്തെ കാണാനെത്തിയത്. എന്നാൽ 'കടുംകൈ' ചെയ്യുമെന്നു പറഞ്ഞതോടെ നേതാക്കൾ നെഞ്ചത്ത് കൈവച്ചു. ഒടുവിൽ ''ഞങ്ങൾ ഇതുവഴി വെറുതേ വന്നതാണേ'' എന്നു പറഞ്ഞ് നേതാക്കൾ മടങ്ങി. 'പത്തൊമ്പതാമത്തെ അടവ്' പുറത്തെടുത്ത് സ്ഥാനാർത്ഥിത്വം നിലനിർത്തിയെന്ന ആശ്വാസത്തിലാണ് മുൻ പഞ്ചായത്തംഗം.