farmer


കുമരകം: വേലിയേറ്റം രൂക്ഷമായിട്ടും തണ്ണീർമുക്കം ബണ്ട് പൂർണമായും അടയ്ക്കാൻ തയാറാകാതെ അധികൃതർ. ശനിയാഴ്ച ആരംഭിച്ച ശക്തമായ വേലിയേറ്റത്തെ തുടർന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 10 ഷട്ടറുകൾ ഞായറാഴ്ച അടച്ചിരുന്നു. എന്നാൽ ഇറിഗേഷൻ എൻജിനിയറുടെ തണ്ണീർമുക്കത്ത കാര്യാലയത്തിൽ മത്സ്യതൊഴിലാളികൾ പ്രതിഷേധിച്ചതിനെ തുടർന്ന് കൂടുതൽ ഷട്ടറുകൾ അടച്ചില്ല. കാർഷിക മേഖലയുടെ സംരക്ഷണത്തിനായി നിർമ്മിച്ച ഷട്ടറിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണെന്നും ആരോപണമുണ്ട്. പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളിൽ പുറംബണ്ട് കവിഞ്ഞ് വെള്ളം കയറുകയാണ് .ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോൾ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണിപ്പോൾ. അപ്പർകുട്ടനാട്ടിൽ മാത്രം 9500 ഹെക്ടറിലാണ് പുഞ്ചകൃഷി.

പ്രതികൂല സാഹചര്യം

വട്ടക്കായൽ, കൊല്ലകരി, ഇടവട്ടം, പടിഞ്ഞാറ്റുകാട് തുടങ്ങി വിരിപ്പുകൃഷിയുടെ കൊയ്ത്തു നടത്തേണ്ട പാടശേഖരങ്ങൾക്കും വേലിയേറ്റം പ്രതികൂലസാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിതച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞ കണ്ണാടിച്ചാൽ പാടത്തേക്ക് പുറംബണ്ട് കവിഞ്ഞു വെള്ളം കയറുന്നതിനാൽ ഇതുവരെ വിത തോർന്നിട്ടില്ല. മെത്രാൻ കായലിലും കാട്ടേഴത്തുകരി പാടശേഖരത്തും വെള്ളപ്പൊക്കത്തിന് സമാനമായി വൃശ്ചിക വേലിയേറ്റത്തിലും പുറംബണ്ടിന് മുകളിൽ റിംഗ് ബണ്ട് പിടിക്കുന്ന തിരക്കിലാണ് കർഷകർ.