water

കറുകച്ചാൽ: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജൽജീവൻ പദ്ധതി തുടങ്ങി മാസങ്ങൾ പിന്നിട്ടെങ്കിലും കറുകച്ചാൽ ബംഗ്ലാകുന്നുകാർക്ക് കുടിക്കാനുള്ള വെള്ളം ഇപ്പോഴും കാശ് കൊടുത്തു വാങ്ങണം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് ബംഗ്ലാംകുന്ന്. ഇവിടുത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ 35 വർഷം മുമ്പ് കറുകച്ചാൽ പഞ്ചായത്ത് ബംഗ്ലാംകുന്ന് കോളനിയിൽ കുടിവെള്ള പദ്ധതി ആരംഭിച്ചു. എന്നാൽ കേവലം പത്ത് വർഷം മാത്രമേ ഈ പദ്ധതിക്ക് ആയുസുണ്ടായുള്ളു.

കിട്ടുന്ന കൂലിയുടെ

പാതി കുടിവെള്ളത്തിന്

നിർദ്ധനരാണ് ബംഗ്ലാകുന്ന് കോളനി നിവാസികൾ. കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്ന ഇവിടുത്തുകാർക്ക് കിട്ടുന്നതിൽ പാതി കുടിവെള്ളത്തിനായാണ് നീക്കിവയ്ക്കുന്നത്. ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ വീടുകളിലുണ്ടെങ്കിലും വെള്ളം കിട്ടാറില്ല. ഉയർന്ന പ്രദേശവും പാറയുമുള്ളതിനാൽ കിണറുകളിൽ വെള്ളം നിൽക്കാറില്ല. സെപ്റ്റംബർ മുതൽ മെയ് വരെ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് മിക്കവരും ഉപയോഗിക്കുന്നത്. പ്രദേശത്ത് ഒരു കുടിവെള്ള പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അന്നത്തെ പദ്ധതി

കഴുന്നുകുഴിയിൽ നിർമിച്ച കുളത്തിൽ നിന്നും വെള്ളം പമ്പുചെയ്ത് കോളനിയിലെ ടാങ്കിലെത്തിച്ച് ടാപ്പുകളിലൂടെയായിരുന്നു വിതരണം. ഇത് കോളനിയിലെ 30 കുടുംബങ്ങൾക്ക് ഏറെ ഗുണം ചെയ്തു. എന്നാൽ അറ്റകുറ്റപ്പണി നടത്താതെയും പൈപ്പുകൾ പുനസ്ഥാപിക്കാതെയും പദ്ധതി മുടങ്ങി. ഇത് പുനർനിർമിക്കണമെന്ന് പലവട്ടം ആവശ്യപെട്ടിട്ടും നടപടിയില്ല. കോളനിയിലെ ഓന്നോ രണ്ടോ കിണറുകളിൽ നിന്നുമാണ് പ്രദേശവാസികൾ മറ്റ് ആവശ്യങ്ങൾക്ക് വെള്ളം ശേഖരിക്കുന്നത്.