ചങ്ങനാശേരി: ചങ്ങനാശേരി - കവിയൂർ റോഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ. മുക്കാട്ടുപടി മുതൽ ചങ്ങനാശേരി വരെ പൈപ്പ് സ്ഥാപിക്കാൻ അടുത്തിടെ പുതുതായി ചെയ്ത ടാറിംഗ് പൊളിക്കണം. റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് പൊതുമരാമത്തു വകുപ്പിന്റെ അനുമതിയും വൈകുകയാണ്. കൊവിഡിനു പിന്നാലെ തിരഞ്ഞെടുപ്പുകൂടി വന്നതോടെ റോഡ് നിർമ്മാണം പൂർത്തിയാക്കൽ ഇനിയും നീളാനാണ് സാധ്യത.
മൂന്നുവർഷം മുമ്പാണ് ഈ റോഡിന്റെ നിർമ്മാണത്തിനുള്ള പദ്ധതികൾ ആരംഭിച്ചത്. തടസങ്ങൾ ഓരോന്നായി ഉണ്ടായതോടെ റോഡ് വികസനം ഇഴഞ്ഞു. കിഫ്ബിയിൽനിന്ന് അനുവദിച്ച 30 കോടി രൂപ വിനിയോഗിച്ചാണ് കവിയൂർ റോഡ് നിർമ്മാണം ആരംഭിച്ചത്. ബി.എം ആൻഡ് ബി.സി സംവിധാനത്തിലാണ്
റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്തു വകുപ്പിന്റെ മല്ലപ്പള്ളി ഡിവിഷനാണ് റോഡിന്റെ നിർമാണ ചുമതല. റോഡിൽ ബി.എം ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞു.
ഏകോപനമില്ലാതെ വാട്ടർ അതോറിട്ടിയും പി.ഡബ്ള്യു.ഡിയും
റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് ഈ റോഡിലെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി 2018 ഫെബ്രുവരിയിൽ വാട്ടർ അതോറിറ്റി പൊതുമരാമത്തു വകുപ്പിനു എസ്റ്റിമേറ്റ് നൽകിയിരുന്നു. എന്നാൽ പൈപ്പ് മാറ്റുന്നതിനുള്ള പണം അന്ന് അനുവദിച്ചിരുന്നില്ല. പൊതുമരാമത്തുവകുപ്പ് ബി.എം ടാറിംഗ് നടത്തിയശേഷമാണ് പൈപ്പ് മാറ്റലിനായി 5.50 കോടിരൂപ കിഫ്ബിയിൽനിന്നും അനുവദിച്ചത്. കിഫ്ബി അനുവദിച്ച ഈ തുക പൈപ്പ് മാറ്റലിനായി പൊതുമരാമത്തു വകുപ്പ് വാട്ടർ അതോറിറ്റിയിൽ അടച്ചിരുന്നു.
റോഡിന് ആവശ്യമായ വീതിയുള്ളതിനാൽ കവിയൂർ മുതൽ നാലുകോടി വരെയും ആരമല ഭാഗത്തും പൈപ്പ് സ്ഥാപിച്ചു. പായിപ്പാട്, നാലുകോടി ജംഗ്ഷനുകളിൽ പ്രധാന റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതിനാൽ ഇവിടെയും പൈപ്പ് സ്ഥാപിച്ചിട്ടില്ല. റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാലാണ് മുക്കാട്ടുപടി മുതൽ പെരുന്ന രാജേശ്വരി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് സ്ഥാപിക്കൽ തടസപ്പെട്ടത്.
ഈ ഭാഗത്ത് റോഡിന്റെ വശത്ത് സ്ഥലമില്ലാത്തതിനാൽ പുതുതായി ബി.എം ടാറിംഗ് നടത്തിയ റോഡ് പൊളിച്ചെങ്കിൽ മാത്രമേ പൈപ്പ് സ്ഥാപിക്കൽ നടക്കുകയുള്ളൂ. ടാറിംഗ് നടത്തിയ ഭാഗം പൊളിക്കുന്നതിന് പൊതുമരാമത്തു വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടുമില്ല. ഇതുമൂലമാണ് പൈപ്പ് സ്ഥാപിക്കൽ നീളുന്നത്.
മുക്കാട്ടുപടി മുതൽ ഫാത്തിമാപുരം വരെയെങ്കിലും പുതിയ പൈപ്പ് സ്ഥാപിച്ചാലെ കവിയൂർ റോഡിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം സാധ്യമാക്കാനാവു.
നാലുകോടി മുതൽ പെരുന്നവരെയുള്ള ഭാഗത്ത് പുറമ്പോക്കു കൈയേറ്റം ഉണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളും വൈകുകയാണ്.