cng

കോട്ടയം: കൊച്ചിയിൽ സ്മാർട്ട് ബസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ സ്വകാര്യബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറിയതിന് പിന്നാലെ കോട്ടയത്തും കൂടുതൽ സ്വകാര്യബസുകൾ സി.എൻ.ജി ആക്കാനുള്ള നടപടികളുമായി മുന്നോട്ട്. കൊച്ചിയിൽ സി.എൻ.ജി നിറക്കാൻ ഇപ്പോൾ ഏഴ് പമ്പുകൾ സജ്ജമായി. കോട്ടയത്തും ഇത്തരത്തിൽ കൂടുതൽ പമ്പുകൾ തുറക്കാനുള്ള നടപടികളിലാണ് അധികൃതർ.

ഇതോടെ കൂടുതൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറുമെന്ന് ഉടമകൾ അറിയിച്ചു. ദീർഘദൂര സർവ്വീസുകൾ നടത്തുന്ന ബസുകളുടെ ഉടമകളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിച്ചാൽ പ്രതിദിനം 1250 രൂപക്ക് മേൽ ലാഭം നേടാനാകുമെന്നും ഉടമകൾ പറയുന്നു. ഡീസലിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് താങ്ങനാവാത്ത അവസ്ഥയിലാണ് ഉടമകൾ.

കൊവിഡ് വ്യാപനത്തോടെ സർവ്വീസുകൾ നിലക്കുകയും ഓടുന്ന സർവ്വീസുകൾക്ക് വരുമാനം നാലിൽ ഒന്നായി ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിൽ എൽ.എൻ. ജി വളരെ ലാഭകരമാകുമെന്നും ഉടമകൾ പറയുന്നു.

പ്രകൃതി വാതകം നിറക്കാനുള്ള കിറ്റിന് നിലവിൽ നാലുലക്ഷം രൂപവരെയാണ് ചെലവ്. ഇത് മുടക്കിയാലും സർവ്വീസ് ലാഭകരമാകുമെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനത്തിന് ബാങ്ക് വായ്പ അടക്കം നടപടികളും ഉടമകൾ ആലോചിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 75 രൂപയാണ് ഇപ്പോഴത്തെ വില. പ്രകൃതി വാതകത്തിന് 56 രൂപയും. ഇതിലൂടെ വലിയ തുക ലാഭിക്കാനാകുമെന്നും ഉടമകൾ പറയുന്നു. കോട്ടയത്ത് അടുത്ത മാസത്തോടെ പുതിയ പമ്പുകൾ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ.