കോട്ടയം : കിറ്റിനുള്ള ഭക്ഷ്യസാധനങ്ങളുണ്ട്. പക്ഷേ, നിറയ്ക്കാൻ സഞ്ചിയില്ല! ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കുമെന്ന സർക്കാർ അറിയിപ്പ് ലഭിച്ച് റേഷൻ കടയിലെത്തിയവർ നിരാശരായി മടങ്ങി. കഴിഞ്ഞ മാസത്തിൽ നോൺ സബ്സിഡി കാർഡുകാരുടെ കിറ്റ് വിതരണം പൂർത്തിയാക്കാത്തതിന് പിന്നാലെയാണ് ഈ മാസത്തെ കിറ്റ് വിതരണം മുടങ്ങിയത്. കിറ്റിനായുള്ള തുണി സഞ്ചി കുടുംബശ്രീ വഴിയാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ സഞ്ചികൾക്ക് നിലവാരമില്ലാത്തതിനാൽ വിതരണം നിറുത്തി. കിറ്റിലെ ഭാക്ഷ്യധാന്യങ്ങളെത്തിയിട്ടും സാധനം വിതരണം ചെയ്യാനാവാത്ത അവസ്ഥയാണിപ്പോൾ. കൊവിഡ് കാലത്തും ഗുണഭോക്താക്കൾ കിറ്റിനായി നടന്നു ബുദ്ധിമുട്ടുകയാണ്.

മഞ്ഞ കാർഡ്,​ പിങ്ക്,​ നീല കാർഡുകളുടെ കഴിഞ്ഞ മാസത്തെ കിറ്റുകൾ പൂർണമായും ജില്ലയിൽ വിതരണം ചെയ്തിരുന്നു. നോൺ സബ്സിഡി വിഭാഗത്തിലുള്ള വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകളുടെ വിതരണമാണ് മുടങ്ങിയത്. ജില്ലയിൽ ഏറ്റവും കൂടുതലുള്ളതും വെള്ളക്കാർഡുകാരാണ്. ജില്ലയിൽ 1.90 ലക്ഷം വെള്ളകാർഡുടമകളുണ്ട്. ഈ മാസത്തെ കിറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യാനാണ് സർക്കാർ നിർദേശം. ആദ്യം മഞ്ഞ കാർഡുകാരയുടെ കിറ്റാണ് നൽകേണ്ടത്. 23 മുതൽ പിങ്ക് കാർഡുകളുടെ വിതരണം തുടങ്ങണം. പക്ഷേ,​ സപ്ളൈകോ ഡിപ്പോകളിൽ സാധനങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യങ്ങൾ സഞ്ചിയിലാക്കി റേഷൻ കടകളിൽ എത്തിച്ചിട്ടില്ല. കിറ്റ് അന്വേഷിച്ച് കടകളിലെത്തുന്നവരോട് മറുപടി പറഞ്ഞ് മടുക്കുകുയാണ് റേഷൻ കട ഉടമകൾ. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗവും നടന്നിരുന്നു. കിറ്റുവിതരണം ഉടൻ കാര്യക്ഷമാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

'' തുണി സഞ്ചിയുടെ അഭാവമാണ് കിറ്ര് വിതരണം ചെയ്യാൻ തടസം. കഴിഞ്ഞ മാസത്തെ കിറ്റ് വിതരണം പൂർത്തയാകാത്ത ഈ മാസത്തെ കിറ്റുകൾ വിതരണം ചെയ്യണമെന്ന സർക്കാർനിർദേശം പ്രതിഷേധാർഹമാണ്. കിറ്റിനെച്ചൊല്ലി കാർഡുടമകളുമായുള്ള വാക്കേറ്റം പല റേഷൻകടകളിലും ഇപ്പോൾ പതിവാണ്

കെ.കെ.ശിശുപാലൻ, ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

ജില്ലയിൽ 52.42 ലക്ഷം കാർഡുകൾ