പൊൻകുന്നം: വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മലയോരമേഖലയിലെ ഒരു സാമൂഹ്യപ്രവർത്തകൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം തുടങ്ങി. കൂടെ അഞ്ചാറ് പ്രവർത്തകരുമുണ്ട്. സ്ഥാനാർത്ഥിയും സംഘവും ഒരു വീട്ടിലെത്തി. മുൻവശത്തെ വാതിൽ അടച്ചിരിക്കുന്നു. വീട്ടിൽ ആരുമില്ലാത്ത ലക്ഷണമാണ്. പരിവാരങ്ങൾ മുറ്റത്തുനിന്നു. സ്ഥാനാർത്ഥി വരാന്തയിലേക്ക് കയറി കോളിംഗ് ബല്ലിൽ വിരലമർത്തി.
അകത്ത് ബല്ലടിക്കുന്ന ശബ്ദവും പുറത്ത് പട്ടി കുരയ്ക്കുന്നതും ഒപ്പം . വീടിന്റെ പിന്നിൽനിന്ന് ഒരു വലിയ പട്ടി കുരച്ചുകൊണ്ട് ചാടിവന്നു. പരിവാരങ്ങൾ ഒറ്റ ഓട്ടത്തിന് ഗേറ്റിനു വെളിയിൽചാടി. സ്ഥാനാർത്ഥി വരാന്തയിലായിരുന്നതിനാൽ അവർക്കൊപ്പം ഓടാൻ കഴിഞ്ഞില്ല. പരിവാരങ്ങളെ വെളിയിലാക്കി തിരിച്ചെത്തിയ പട്ടി കുരച്ചുകൊണ്ട് വരാന്തയിലേക്ക് കയറി. ഈ സമയം സ്ഥാനാർത്ഥി ഒരു കസേരയ്ക്ക് അടിയിൽ ഒളിച്ചു. പട്ടിയെ കസേരകൊണ്ട് പ്രതിരോധിച്ചു. കുറേ നേരം കുരച്ചതിനുശേഷം പട്ടി സ്ഥാനാർത്ഥിക്ക് അഭിമുഖമായി ഇരുന്നു.
കസേരയുടെ അടിയിൽ അനങ്ങാതിരിക്കുകയാണ് നമ്മുടെ നായകൻ. അനങ്ങിയാൽ പട്ടി ചാടിവീഴും. മുഖത്തോടുമുഖം നോക്കിയിരുന്ന അവൻ കുറച്ചുകഴിഞ്ഞപ്പോൾ കാലുകൾ മുന്നോട്ടുനീട്ടി നിവർന്നു കിടന്നു. പിന്നെ ഒരു കോട്ടുവാ ഇട്ട് ഒന്നു മുറുമ്മി. അതൊരു മുട്ടൻ തെറിയാണെന്ന് സ്ഥാനാർത്ഥിക്ക് മനസ്സിലായി.
സകല ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിച്ചു. കസേര മാത്രമാണ് രക്ഷ. ഏതായലും പ്രാർത്ഥന ദൈവം കേട്ടിട്ടാകാം വീട്ടുകാരനും ഭാര്യയും പറമ്പിൽനിന്നും കയറി വന്നു. വീട്ടിലെ കാഴ്ച കണ്ട് ചിരിപൊട്ടിയെങ്കിലും അവർ ആദ്യം പട്ടിയെ പിടിച്ച് കൂട്ടിലാക്കി. അയൽക്കാരനും സുഹൃത്തുമായ സ്ഥാനാർത്ഥിയെ കസേരയുടെ അടിയിൽനിന്നും രക്ഷിച്ചു. അപ്പോഴേക്കും ഗേറ്റിനു വെളിയിൽനിന്ന പ്രവർത്തകരും എത്തി. സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച നോട്ടീസു കൊടുത്തു. കുശലം പറഞ്ഞ് കൈകൂപ്പി പോകാൻനേരം സ്ഥാനാർത്ഥി പറഞ്ഞു: നമ്മുടെ ചിഹ്നം മറക്കല്ലേ.കസേര!
വേറെന്തു മറന്നാലും ഈ ചിഹ്നം ഞങ്ങൾ ഒരിക്കലും മറക്കില്ല എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.