alappuzha-lok-sabha-elect

കോട്ടയം: രണ്ടാഴ്ചയോളം നീണ്ട ചർച്ചകൾക്കൊടുവിൽ മൂന്നു മുന്നണികളും പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ സ്ഥാനാർത്ഥി ലിസ്റ്റ് ഇറക്കി. എന്നിട്ടും പരാതികളും പരിഭവങ്ങളും ബാക്കി.

റിബലായി പത്രിക സമർപ്പിച്ചവരെ പിൻവലിക്കലാണ് അടുത്ത ചടങ്ങ്. റിബലുകൾ കൂടുതൽ യു.ഡി.എഫിലാണ് . എന്നാൽ മുൻ തിരഞ്ഞെടുപ്പുകളുമായി തട്ടിച്ചു നോക്കിയാൽ കുറവാണു താനും . ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തോടെ ഏറ്റവും ആദ്യം സ്ഥാനാർത്ഥി ലിസ്റ്റെന്ന പതിവ് തെറ്റിച്ച് ജില്ലാ പഞ്ചായത്ത് ലിസ്റ്റ് അവസാനം തയ്യാറാക്കിയത് ഇടതു മുന്നണിയാണ്. കൂട്ടിയും കുറച്ചും വെട്ടിനിരത്തിയുമുള്ള യു.ഡി.എഫ് ലിസ്റ്റ് ബുധനാഴ്ച രാത്രി വൈകി പൂർത്തിയാക്കി. എൽഡി.എഫ് അന്തിമ ലിസ്റ്റ് ഇന്നലെ രാവിലെയാണ് പ്രഖ്യാപനത്തിന് തയ്യാറായത്.

ക്രൈസ്തവരെ തെരഞ്ഞു പിടിച്ച് യു. ഡി. എഫ്

പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം യു.ഡി.എഫ് പൊതുവേ നൽകിയില്ലെങ്കിലും ക്രൈസ്തവ സമുദായത്തിലെ വിവിധ വിഭാഗത്തിലുള്ളവരെ തെരഞ്ഞു പിടിച്ചു സ്ഥാനാർത്ഥിയാക്കി. സഭാ നേതൃത്വത്തിന്റെ ഇടപെടൽ വരെ ഇക്കാര്യത്തിലുണ്ടായതോടെ വിവിധ കത്തോലിക്ക വിഭാഗങ്ങൾക്കും ഓർത്തഡോക്സ്, യാക്കാബായ , സി.എസ്.ഐ , മാർത്തോമ അടക്കം എല്ലാവർക്കും പരിഗണന നൽകുന്നതിൽ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു. അയർക്കുന്നത്ത് യാക്കാബായ വിഭാഗം പ്രതിനിധിയായി എ വിഭാഗം പ്രഖ്യാപിച്ച സ്ഥാനാർത്ഥി ഫിൽസൺ മാത്യൂവിനെ വെട്ടി ഐ വിഭാഗത്തിലെ റെജി എം ഫിലിപ്പോസിന് സീറ്റ് നൽകിയതും യാക്കാബായ വിഭാഗമെന്ന നിലയിലായായിരുന്നു.

ജോസിനെ നേരിടാൻ എ ഗ്രൂപ്പുകാർ ഇല്ല !

ഇടതു മുന്നണിയിലുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 9 ഡിവിഷനുകളിൽ ജോസഫ് വിഭാഗവുമായി നേരിട്ടു മത്സരിക്കാത്ത നാലു ഡിവിഷനിലും എതിരാളികൾ ഐ വിഭാഗമാണ്. ഇത് ജോസ് വിഭാഗവും കോൺഗ്രസ് എ ഗ്രൂപ്പും തമ്മിലുള്ള രഹസ്യ ധാരണയുടെ പേരിലാണെന്നാണ് ആരോപണം. എ. ഗ്രൂപ്പ് നേതാവും വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ലൈസാമ്മ ജോർജിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷനിൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി.

ജോസ് വിഭാഗം പിന്നാക്കക്കാരെ തഴഞ്ഞു

ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും പിന്നാക്ക വിഭാഗങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ പരിഗണന നൽകിയപ്പോൾ ജോസ് വിഭാഗം ഒമ്പതു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ക്രൈസ്തവ വിഭാഗങ്ങൾക്ക് അമിത പ്രധാന്യം നൽകി. പിന്നാക്കക്കാരെ ഒരിടത്തും പരിഗണിച്ചില്ല.

' രണ്ടാഴ്ച രാവും പകലും ചർച്ചയായിരുന്നു. ജോസ് വിഭാഗത്തിന് സീറ്റുകൾ വീതം വച്ചു നൽകേണ്ടി വന്നിട്ടും സീറ്റ് വിഭജനവും സ്ഥാനാർത്ഥി പട്ടികയും രമ്യമായി പൂർത്തിയാക്കാനായി. വിശ്രമമിക്കാൻ നേരമില്ലാതായതോടെ സ്പോണ്ടിലൈറ്റിസ് കൂടി. കിടന്നു ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം തള്ളി കോളറിട്ടായി പിന്നെ ചർച്ച. "

വി.എൻ.വാസവൻ സി.പി.എം ജില്ലാ സെക്രട്ടറി

'പുലർച്ചെ രണ്ടര വരെ ചർച്ച കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ അടുത്ത ചർച്ച തുടങ്ങും. രണ്ടാഴ്ച നന്നായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല . വലിയ തർക്കങ്ങളില്ലാതെ സീറ്റ് ചർച്ച പൂർത്തിയാക്കാനായി . കിട്ടാവുന്നതിൽ മികച്ച സ്ഥാനാർത്ഥികളാണ് . കോട്ടയം ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടും"

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ