nalumanikatu

മണർകാട്: അല്പം കാറ്റും കൊണ്ട് കുടുംബശ്രീ അമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ ചൂടു ചായയും കുടിച്ച്, സൊറ പറഞ്ഞിരിക്കാനായി നാലുമണിക്കാറ്റ് ഒരുങ്ങുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഈ വഴിയോരവിശ്രമ കേന്ദ്രം സജീവമാകുന്നത്. നാലുമണിക്കാറ്റ് വീണ്ടും തുറക്കുന്നതോടെ നിരവധി സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

കൊവിഡ് മൂലമാണ് ഇവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് കുട്ടികളുമൊത്ത് നാലുമണിക്കാറ്റിൽ എത്തിയിരുന്നത്. വിശ്രമ കേന്ദ്രത്തിലെ നാട്ടുചന്തയും കുടുംബശ്രീ അംഗങ്ങളുടെ ഭക്ഷണശാലയും വായനശാലയും എല്ലാം വീണ്ടും ഇനി സജീവമാകും. പുല്ല് പടർന്നു കയറിയ നാലുമണിക്കാറ്റ് തുറക്കുന്നതിനുള്ള പ്രാരംഭമായ ശുചീകരണ പ്രവർത്തനങ്ങൾക്കും മോടിപ്പിടിക്കലിനും കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. വിശ്രമ കേന്ദ്രത്തിന് ഇരുവശവും റോഡ് യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊവിഡ് കുടുംബശ്രീ അംഗങ്ങളുടെ കൊവിഡ് ടെസ്റ്റ് പൂർത്തിയാകാത്തതിനാലായിരുന്നു നാലുമണിക്കാറ്റ് തുറന്നു കൊടുക്കാൻ വൈകിയതെന്ന് മുഖ്യ സംഘാടകനായ ഡോക്ടർ പുന്നൻ കുര്യൻ പറഞ്ഞു.

നവീന പദ്ധതികൾ

സഞ്ചാരികളെയും സന്ദർശകരെയും കാത്ത് രണ്ട് നവീന പദ്ധതികളാണ് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തിൽ ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നാലുമണിക്കാറ്റിൽ ഡെസ്റ്റിനേഷൻ സെന്റർ ഉടൻ നിലവിൽ വരും. സ്ത്രീകൾക്കും കുട്ടികൾക്കും ടോയ് ലെറ്റ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ പറ്റി വിവരം നൽകുന്ന ഇൻഫർമേഷൻ സെന്റർ ആരംഭിക്കാനും പദ്ധതിയുണ്ട്. പച്ചപ്പിന്റെ വസന്തമൊരുക്കി 16 ഏക്കറിൽ നാലുമണിക്കാറ്റിന് ഇരുവശവും നെൽകൃഷിയും ഒരുക്കും.