publicity

കോട്ടയം: സ്ഥാനാർത്ഥികളും രാഷ്ട്രീയപ്പാർട്ടികളും ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ താലൂക്ക് തലത്തിൽ പ്രവർത്തനമാരംഭിച്ചു. ബാനറുകൾ, നോട്ടീസുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ, അനൗൺസ്‌മെന്റുകൾ, സാമൂഹ്യ മാദ്ധ്യമങ്ങൾ മഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവ സ്‌ക്വാഡുകൾ നിരീക്ഷിക്കും. നിയമപരമല്ലാത്ത പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിച്ച് അനുവദനീയമല്ലാത്ത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യും. ചെലവ് സ്ഥാനാർത്ഥിയിൽനിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുകയും ചെയ്യും. പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നണ്ടോ എന്നും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധിക്കും.

തഹസിൽദാർമാരായ പി.ജി രാജേന്ദ്രബാബു (കോട്ടയം), ജിനു പുന്നൂസ് (ചങ്ങനാശേരി), ഫ്രാൻസിസ് സാവിയോ (കാഞ്ഞിരപ്പള്ളി), വി.എം അഷ്‌റഫ് (മീനച്ചിൽ ) കെ.കെ. ബിനി (വൈക്കം) എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജീവനക്കാരും സ്‌ക്വാഡുകളിലുണ്ട്‌.