കോട്ടയം: ജില്ലയെ ഹരിത വർണ്ണമാക്കി പച്ചത്തുരുത്തുകൾ. ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്കുകളിലും പച്ചത്തുരുത്തുകളുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. പ്രകൃതിയെ അറിഞ്ഞും ജൈവ വൈവിധ്യത്തിന്റെ മനോഹാരിത കണ്ടും പഠനം നടത്താൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുഉള്ളവർക്ക് അവസരം ഒരുക്കുക എന്നതാണ് പച്ചത്തുരുത്തുകൾ വഴി ലക്ഷ്യമിടുന്നത്. ജില്ലയിൽ 130 പച്ചത്തുരുത്തുകളാണ് നിർമ്മിച്ചത്. മുൻസിപ്പാലിറ്റി 3, പഞ്ചായത്ത് 60, ബ്ലോക്ക് 2 ( പാമ്പാടി, പള്ളം ) എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളുടെ എണ്ണം. പഞ്ചായത്തുകളിൽ ഉദയനാപുരം, കുമരകം എന്നിവിടങ്ങളിൽ സമ്പൂർണ്ണ കണ്ടൽക്കാടുകളുടെ പച്ചത്തുരുത്തും നിർമ്മിക്കാൻ കഴിഞ്ഞു. സ്‌കൂളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വഴിയോരങ്ങൾ, ഹെൽത്ത് സെന്ററുകൾ, പൊലീസ് സ്റ്റേഷൻ, ഐ.ടി.ഐ കോളേജ് ക്യാമ്പസുകൾ, ഗവ.ആശുപത്രികൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ ദൃശ്യഭംഗിയൊരുക്കുന്നത്.
അന്ന് കാട്, ഇന്ന് ഉദ്യാനം
വർഷങ്ങളായി മാലിന്യവും കാട് നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങളാണ് പച്ചത്തുരുത്തിനായി തെരഞ്ഞെടുക്കുന്നത്. അര സെന്റ് മുതലുള്ള സ്ഥലങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. ദശപുഷ്പ ഉദ്യാനം,ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം,ഫലവൃക്ഷങ്ങൾ,അലങ്കാര ചെടികൾ,തണൽ മരങ്ങൾ,മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ എന്നിവയാണ് ഒരുക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 10 ലോക്കൽ ബോഡികളിൽ കൂടി പച്ചത്തുരുത്തുകൾ നിർമ്മിക്കും. അടുത്തഘട്ടമെന്ന നിലയിൽ, പ്രകൃതിയെ അറിഞ്ഞും ആവാസവ്യവസ്ഥയെക്കുറിച്ചും പഠനം നടത്തുന്നതിനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
( പി രമേശ്, ഹരിത കേരളം മിഷൻ, ജില്ലാ കോർഡിനേറ്റർ. )