അടിമാലി: കൊവിഡിൽ തട്ടി തിരക്ക് കുറഞ്ഞിരുന്ന ഫ്‌ളെക്‌സ് പ്രിന്റിംഗ് കേന്ദ്രങ്ങൾ തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമായി.സീറ്റുറച്ച സ്ഥാനാർത്ഥികളും പ്രവർത്തകരും പോസ്റ്ററുകളും ബാനറുകളും അച്ചടിക്കാനുള്ള കൊണ്ടുപിടിച്ച തിരക്കിലാണ്.കൊവിഡ് കാലം മങ്ങലേൽപ്പിച്ച ഫ്‌ളക്‌സ് പ്രിന്റിംഗ് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പെത്തിയതോടെ സജീവമായി.ബാനറുകളും പോസ്റ്ററുകളും ഇഷ്ടാനുസരണം ഡിസൈൻ ചെയ്ത് സ്ഥാനാർത്ഥികൾക്ക് വേഗത്തിൽ ലഭ്യമാക്കണം.പ്രചാരണ രംഗം മുറുകുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് പ്രിന്റിംഗ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.സർക്കാർ നിർദ്ദേശം പാലിച്ച് ക്ലോത്തിലാണ് പ്രിന്റിംഗ് കേന്ദ്രങ്ങളിൽ പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കുന്നത്.ഇവക്കു പുറമെ പ്രിന്റഡ് മാസ്‌ക്കുകൾ,ടീഷർട്ടുകൾ,തൊപ്പികൾ തുടങ്ങിയവക്കും ആവശ്യക്കാരുണ്ട്.പ്രചാരണ പ്രവർത്തനങ്ങൾക്ക് പരിമിതികൾ നിലനിൽക്കുന്നതിനാൽ നവമാദ്ധ്യപ്രചാരണങ്ങൾക്കൊപ്പം വോട്ടറുടെ കണ്ണുടക്കുന്നിടത്തെല്ലാം ഫ്‌ളെക്‌സുകൾ സ്ഥാപിക്കാൻ സ്ഥാനാർത്ഥികൾ വലിയ ശ്രദ്ധ നൽകുന്നുണ്ട്.കൊവിഡ് കാലം തീർത്ത വരുമാനത്തിലെ ഇടിവ് തിരഞ്ഞെടുപ്പ് കാലം തിരികെ തരുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളെക്‌സ് പ്രിന്റിംഗ് കേന്ദ്രങ്ങൾ.