കട്ടപ്പന: കട്ടപ്പന നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും ആദ്യഘട്ട പ്രചരണം തുടങ്ങി. അതേസമയം നാമ നിർദേശ പത്രിക സമർപ്പണം അവസാനിച്ചിട്ടും യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസി(ജോസഫ് വിഭാഗം) ലെ സ്ഥാനാർത്ഥി നിർണയം തുടരുകയാണ്. ഇന്നത്തോടെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്. കോൺഗ്രസ് 26 സീറ്റുകളിലും ജോസഫ് വിഭാഗം എട്ടു സീറ്റുകളിലും മത്സരിക്കാൻ ധാരണയായിരുന്നു. ഇന്നലെ ഒന്നിലധികം ആളുകളെ കൊണ്ട് നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. പിൻവലിക്കാനുള്ള അവസാന തിയതിക്കു മുമ്പ് അന്തിമ തീരുമാനം ഉണ്ടാകും.
എൽ.ഡി.എഫിൽ സി.പി.എം13, കേരള കോൺഗ്രസ്(ജോസ് വിഭാഗം)12, സി.പി.ഐ ഏഴ്, എൻ.സി.പിഒന്ന്, ജനതാദൾഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. പ്രചരണത്തിൽ എൽ.ഡി.എഫ് ഒരുപടി മുന്നിലാണ്. വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചരണം ഇടതുപാളയം കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു.
ജനറൽ വിഭാഗത്തിൽ നാലും വനിത സംവരണത്തിൽ നാലും വാർഡുകളാണ് ജോസഫ് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. കേരള കോൺഗ്രസ്(എം) കഴിഞ്ഞ തവണ മത്സരിച്ച 14 സീറ്റുകൾ വേണമെന്നുറച്ച് നിലപാടെടുത്തെങ്കിലും സംസ്ഥാന നേതാക്കൾ വരെ പങ്കെടുത്ത ചർച്ചകൾക്ക് ഒടുവിൽ എട്ടിൽ തൃപ്തരായി. കേരള കോൺഗ്രസ്(ജേക്കബ്) ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.