കട്ടപ്പന: ഇടുക്കി വനത്തിനുള്ളിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിമല പാമ്പാടികുഴിയിൽ നിന്നു മൂന്നുകിലോമീറ്റർ അകലെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലെ പാറക്കെട്ടിലാണ് 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ ജഡം കണ്ടെത്തിയത്. മൂന്നാഴ്ച പഴക്കം തോന്നിക്കുന്ന ജഡം അഴുകിയ നിലയിലാണ്. സമീപത്തുനിന്നു വിഷം നിറച്ചതെന്നു കരുതുന്ന കുപ്പികളും കണ്ടെത്തി. വസ്ത്രങ്ങൾ അഴിഞ്ഞ നിലയിലുമാണ്.
വനത്തിനുള്ളിൽ പട്രോളിംഗിനിടെ വനപാലകരാണ് മൃതദേഹം കണ്ടത്. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അടുത്തനാളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.