ചങ്ങനാശേരി: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ പുതിയ ടെർമിനലിനായുള്ള നിർമ്മാണം ഡിസംബറിൽ ആരംഭിക്കാൻ സർക്കാർ-കോർപ്പറേഷൻ തലത്തിൽ നീക്കം. ഒക്ടോബറിൽ നടപടികൾ ആരംഭിച്ചെങ്കിലും പുതിയ ടെർമിനലിന്റെ ഡ്രോയിംഗിൽ മാറ്റങ്ങൾ വരുത്തുന്നതിനായി എം.പി. കൊടിക്കുന്നിൽ സുരേഷ് ബന്ധപ്പെട്ട അധികൃതരോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് ഏജൻസി ഇതുകൂടി പരിഗണിച്ചതോടെയാണ് പുതിയ ടെർമിനൽ നിർമ്മാണത്തിന്റെ തുടക്കം നീണ്ടത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിനാൽ ശിലാസ്ഥാപനം നീളുകയായിരുന്നു.
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എ നൽകിയ എം.എൽ.എ.ഫണ്ട് അഞ്ചരകോടി ഉപയോഗിച്ചാണ് ചങ്ങനാശേരി കെ.എസ്.ആർ.ടിസിക്ക് പുതിയ മുഖം നൽകാനുള്ള നിർമ്മാണത്തിന് വഴിയൊരുങ്ങിയത്. എം.സി.റോഡിനോട് അഭിമുഖമായാണ് അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1970 ജൂലൈ 11ന് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.എം ജോർജ്ജാണ് ഉദ്ഘാടനം ചെയ്തത്. എം.സി.റോഡിലെ ഗതാഗത കുരുക്കും കെട്ടിടത്തിന്റെ ബലക്ഷയവും രൂക്ഷമായപ്പോഴാണ് പുതിയ ടെർമിനലിനായുള്ള ആവശ്യം ഉയർന്നത്. ബസ് സ്റ്റേഷൻ തന്നെ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യമുയർന്നു. എന്നാൽ, ടെർമിനൽ പഴയ ഗാരേജ് നിന്ന സ്ഥലത്തേക്ക് റോഡിനഭിമുഖമായി നിർമ്മിച്ചാൽ ഒരേ സമയം യാത്രക്കാർക്കും ബസ് പാർക്കിംഗിനും എം.സി.റോഡിലെ ഗതാഗത കുരുക്കിനും പരിഹാരമാകുമെന്ന നിലയിൽ പദ്ധതി വന്നതോടെയാണ് സ്റ്റേഷൻ മാറണം എന്ന നിർദ്ദേശം ഉപേക്ഷിച്ചത്.
2018ൽ സി.എഫ്.തോമസ് എം എൽ എ 2.15 കോടി കൂടി അനുവദിച്ചു. പക്ഷേ, കൂടുതൽ തുക വേണ്ടി വരുമെന്ന് കണ്ടതോടെ 3 കോടി രൂപ കൂടി അനുവദിക്കുകയും പുതിയ നിർമ്മാണത്തിനായി എല്ലാ നടപടികളും വേഗത്തിലാക്കിയിരുന്നു. എന്നാൽ എം.എൽ.എയുടെ മരണത്തോടെ ടെർമിനൽ നിർമ്മാണത്തിന് പിന്നെയും തടസം നേരിട്ടു. പുതിയ കെട്ടിടം വരുന്നതോടെ നഗരത്തിലെ തിരക്കിനും യാത്രക്കാരുടെ ദുരിതത്തിനും പരിഹാരമാകും.