വൈക്കത്ത് ജോസഫിന്റെ ഈഴവ സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസിന്റെ സവർണ സ്വതന്ത്രയെ രംഗത്തിറക്കി
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് , ജോസഫ് വിഭാഗങ്ങൾക്ക് ഇടതു മുന്നണിയും യു.ഡി.എഫും വീതിച്ചു നൽകിയ 17 സീറ്റിലും പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി പോലുമില്ല. തങ്ങൾ ക്രൈസ്തവ താത്പര്യം സംരക്ഷിക്കുന്നവരുടെ പാർട്ടിയെന്നു തെളിയിക്കും വിധമാണ് സ്ഥാനാർത്ഥി ലിസ്റ്റ്.
ജോസ് വിഭാഗത്തിന് ഇടതു മുന്നണി നൽകിയ ഒമ്പതു സീറ്റിലും ക്രൈസ്തവ വിഭാഗം സ്ഥാനാർത്ഥികളാണ്. ജോസഫ് വിഭാഗം ലിസ്റ്റിൽ പേരിന് ഒരു പിന്നാക്ക വിഭാഗം സ്ഥാനാർത്ഥി ഉണ്ടായിരുന്നു . അവസാനം അതും വെട്ടി നിരത്തി. " ഓരോ ഡിവിഷനിലെയും ഇടതു മുന്നണി സ്ഥാനാർത്ഥികളെ വിലയിരുത്തിയാണ് ക്രൈസ്തവ സ്ഥാനാർത്ഥികളെ പരിഗണിച്ചതെന്നായിരുന്നു ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഇതേക്കുറിച്ച് പ്രതികരിച്ചത്.
22 അംഗ ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് കോൺഗ്രസ് നൽകിയത് ഒമ്പതു സീറ്റായിരുന്നു . വൈക്കത്ത് ഈഴവ വിഭാഗത്തിൽപെട്ട സന്ധ്യാ സുദർശനെ സ്ഥാനാർത്ഥിയാക്കി പോസ്റ്ററുമടിച്ച് പ്രചാരണം തുടങ്ങിയ ശേഷം കോൺഗ്രസ് പിടി മുറുക്കുകയായിരുന്നു. അവസാനം ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയെത്തുടർന്ന് യു.ഡി.എഫ് പൊതു സ്വതന്ത്രസ്ഥാനാർത്ഥിയായി കോൺഗ്രസിലെ സ്മിത നായരെ പ്രഖ്യാപിച്ചുവെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അറിയിച്ചു.
14 സീറ്റുള്ള കോൺഗ്രസ് ഒരു സീറ്റാണ് ആദ്യം പിന്നാക്ക വിഭാഗത്തിന് നൽകിയത്. സ്ഥാനാർത്ഥി ലിസ്റ്റിലെ പിന്നാക്ക പ്രാതിനിധ്യക്കുറവിനെതിരെയുള്ള കേരളകൗമുദി എഡിറ്റോറിയൽ വന്ന ശേഷമാണ് ഒരു സീറ്റ് കൂടി നൽകിയത്.
ജോസഫ് വിഭാഗം കങ്ങഴയിൽ നായർ സമുദായാംഗമായ ഡോ. ആര്യാ കുറുപ്പിനെ സ്ഥാനാർത്ഥിയാക്കി. എന്നാൽ ഇടതു മുന്നണി ഒമ്പതു സീറ്റ് നൽകിയ ജോസ് വിഭാഗത്തിൽ ഹിന്ദു സമുദായത്തിൽ നിന്ന് ആരുമില്ല . ബ്ലോക്ക് , നഗരസഭ, പഞ്ചായത്ത് തലത്തിലും പിന്നാക്ക പ്രതിനിധ്യം ഇരു കേരളകോൺഗ്രസ് വിഭാഗവും പരിഗണിച്ചിട്ടില്ല.
പി.സി ജോർജിന്റെ ജനപക്ഷം ജില്ലാ പഞ്ചായത്തിൽ നാലു സീറ്റിലും കേരളകോൺഗ്രസ് പി.സി.തോമസ് വിഭാഗം കടുത്തുരുത്തി ഡിവിഷനിലും മത്സരിക്കുന്നുണ്ട്. പിന്നാക്ക പ്രാതിനിധ്യത്തിൽ മറ്റു കേരള കോൺഗ്രസ് വിഭാഗങ്ങളുടെ പാതയാണ് ഇവരും പിന്തുടർന്നത്.
ജില്ലാ പഞ്ചായത്തിലെ ഈഴവ പ്രാതിനിധ്യം
സി.പി.എം 5
സി.പി.ഐ 1
കോൺഗ്രസ് 2