election

കോട്ടയം: കോൺഗ്രസ് സ്ഥാനാർത്ഥികളെ മാത്രം തുണച്ചിട്ടുള്ള വാകത്താനം ഇക്കുറി എൽ.ഡി.എഫ് തിരിച്ചുപിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് സഹയാത്രികയെ മറുകണ്ടംചാടിച്ചാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നില മെച്ചപ്പെടുത്താൻ ബി.ജെ.പിയും കളത്തിലുണ്ട്. യു.ഡി.എഫിലെ സുധാ കുര്യൻ,​ എൽ.ഡി.എഫിലെ ലൈസാമ്മ ജോർജ്, ബി.ജെ.പിയിലെ പ്രിൻസി അനീഷ് എന്നിവരാണ് അ‌ടർക്കളത്തിലുള്ളത്.
എന്നും കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് വാകത്താനം. കൈപ്പത്തി ചിഹ്നം കണ്ടാൽ കണ്ണുമടച്ച് കുത്തുന്നതാണ് പതിവ്. വാകത്താനം പഞ്ചായത്തിലെ 12 വാർഡുകളും മാടപ്പള്ളി പഞ്ചായത്തിലെ 13 വാർഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ 19 വാർഡുകളും ഉൾപ്പെടുന്നതാണ് വാകത്താനം ഡിവിഷൻ. ഡിവിഷനിലെ മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. തുടർച്ചയായി മൂന്ന് തവണ വാകത്താനത്ത് നിന്ന് വിജയിച്ച സുധാ കുര്യനെ ഒരു തവണ കൂടി യു.ഡി.എഫ് കളത്തിലിറക്കുമ്പോൾ ഭൂരിപക്ഷം ഉയർത്തുകയെന്ന ലക്ഷ്യംകൂടിയുണ്ട്. വിജയംമാത്രം നൽകിയിട്ടുള്ള മണ്ഡലത്തിൽ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് കളത്തിലിറങ്ങുമ്പോൾ അട്ടിമറിയാണ് എൽ.ഡി.എഫ് ലക്ഷ്യം. അതിനായി കോൺഗ്രസിനൊപ്പമുണ്ടായിരുന്ന ലൈസാമ്മ ജോർജിനെ അടർത്തിയെടുക്കുകയായിരുന്നു.

നിർണായക ഘടകൾ:

 ഡിവിഷനിലെ മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫ്.

 തുടർച്ചയായി മൂന്ന് തവണ ഇവിടെ വിജയിച്ചത് സുധാ കുര്യൻ

 കോൺഗ്രസിൽ നിന്ന് വന്ന പ്രമുഖ എൽ.ഡി.എഫ് സ്ഥാനാർത്ഥി

യു.ഡി.എഫ്


അദ്ധ്യാപികയായിരുന്ന സുധാ കുര്യൻ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2000 മുതൽ 2015വരെ തുടർച്ചയായി വാകത്താനം ഡിവിഷനെ പ്രതിനിധീകരിച്ചു. രണ്ട് തവണ വൈസ് പ്രസിഡന്റുമായി. യു.ഡി.എഫ് പട്ടികയിലുള്ള പ്രസിഡന്റുമാരിൽ ഒരാളാണ് .

എൽ. ഡി.എഫ്

കോൺഗ്രസിനുള്ളിലെ വിപുലമായ ബന്ധമാണ് ലൈസാമ്മയ്ക്ക് സീറ്റ് നൽകാൻ സി.പി.ഐയെ പ്രേരിപ്പിച്ചത് . എട്ടുവർഷം വാകത്താനം പഞ്ചായത്ത് പ്രസിഡന്റും അഞ്ചു വർഷം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള ലൈസാമ്മ ഇടതുമുന്നണി സ്ഥാനാർത്ഥിയായത് യു.ഡി.എഫ് നേതൃത്വത്തെയും ‌ഞെട്ടിച്ചു.

എൻ.ഡി.എ

ഓരോ തവണ മത്സരിക്കുമ്പോഴും വോട്ട് വിഹിതം ഉയർത്താനാകുന്നതാണ് എൻ.ഡി.എയുടെ പ്രതീക്ഷയുടെ ആഴം കൂട്ടുന്നത്. എസ്.എൻ.ഡി.പി യോഗം വോട്ടുകളേറെയുള്ള ഇവിടെ ഇടതു വലതു വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഇരുമുന്നണികൾക്കും എതിരായി സംസ്ഥാന തലത്തിലുള്ള രാഷ്ട്രീയ വിവാദങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും എൻ. ഡി.എ കരുതുന്നു.