കോട്ടയം: 'ദേ പോയി ദാ വന്നു" എന്ന സുരേഷ് ഗോപി ഡയലോഗിനെ ഓർമ്മിപ്പിക്കുകയാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്വന്തം 'രണ്ടില". ജോസ് - ജോസഫ് അടിയിൽ രണ്ടില ചിഹ്നം കോടതി വരെ കയറിയിരുന്നു. അതിനിടയിലാണ് ജോസ് കെ. മാണിക്ക് രണ്ടില എടുക്കാമെന്ന ഹൈക്കേടതി വിധിയെത്തിയത്. നേരത്തെ രണ്ടില മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസിന് ടേബിൾ ഫാനും പി.ജെ. ജോസഫിന് ചെണ്ടയുമാണ് തദ്ദേശ തിരഞ്ഞെടുപ്പിനായി അനുവദിച്ചിരുന്നത്. എന്നാൽ കോടതി വിധിയോടെ രണ്ടിലയിൽ തന്നെ ജോസ് പക്ഷത്തിന് മത്സരിക്കാൻ കളമൊരുങ്ങും. അതിന് പത്രിക പിൻവലിക്കുന്ന 23നുള്ളിൽ ചിഹ്നം സംബന്ധിച്ച കത്തു നൽകിയാൽ മതിയാകും.
'കറന്റ് പോയാൽ ടേബിൾ ഫാനിന്റെ കാറ്റു പോകുമെന്ന്" പരിഹസിച്ച പി.ജെ. ജോസഫിന് ഹൈക്കോടതി വിധി തിരിച്ചടിയുമായി. ചിഹ്നം സ്വന്തമാക്കിയ ജോസിനിത് ജോസഫിനോടുള്ള മധുര പ്രതികാരം കൂടിയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ആവശ്യപ്പെട്ടപ്പോൾ രണ്ടില വർക്കിംഗ് ചെയർമാനായ ജോസഫ് നൽകൊടുത്തിരുന്നില്ല. ആ ചിഹ്നമാണ് വീണ്ടും ജോസിന്റെ കൈയിലെത്തുന്നത്. ടേബിൾ ഫാൻ ചിഹ്നംവച്ച് ജോസ് വിഭാഗം സ്ഥാനാർത്ഥികളാരും പോസ്റ്ററോ, ഫ്ളക്‌സോ അടിച്ചില്ല. ചുവരെഴുത്തും നടത്തിയില്ല.
'ഹൈക്കോടതി വിധി തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. ഇടതു മുന്നണിക്ക് വിധി കരുത്തു പകരും. രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിറുത്താൻ കഴിയില്ല. പി.ജെ. ജോസഫിന്റെ സത്യവിരുദ്ധമായ നിരന്തര പ്രചാരണത്തിന് എതിരെയുള്ള വിധിയാണിത്. നുണ കൊണ്ട് എത്ര മറയ്‌ക്കാൻ നോക്കിയാലും സത്യം പുറത്ത് വരും.
- ജോസ് കെ. മാണി
'ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. നിയമ പോരാട്ടം തുടരും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല".
- പി.ജെ. ജോസഫ്