കുമരകം : തദ്ദേശതിരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ അയ്മനത്ത് പടക്കളത്തിൽ ഇറങ്ങിയിരിക്കുന്നത് 6 മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ. കൂടാതെ ജനറൽ സീറ്റായി മാറിയിട്ടും അതേ വാർഡിൽ തന്നെ മത്സരിക്കാനായി അഞ്ച് മുൻ വനിതാ പഞ്ചായത്ത് അംഗങ്ങളും. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി.എമ്മിലെ എ.കെ.ആലിച്ചൻ ,ഉഷാ ബാലചന്ദ്രൻ ,കെ.കെ.ഷാജിമോൻ കോൺഗ്രസിലെ മറിയാമ്മ ബാബു ,സുമ പ്രകാശ്, ബി. ജെ.പിയുടെ വി.പി പ്രതാപൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. മറിയാമ്മ ബാബുവും, കെ.കെ. ഷാജിമോനും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ മറ്റു നാലു പേർ അയ്മനം പഞ്ചായത്ത് ഭരണസമിതിയിലേക്കാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാ വാർഡിൽ മത്സരിച്ച് ജയിച്ച അംഗങ്ങൾ ഇക്കുറി തങ്ങളുടെ വർഡുകൾ ജനറലായിട്ടും ഇവിടെ തന്നെ മത്സരിക്കുകയാണ്. 50 ശതമാനം വനിതാ സംവരണം നിലവിലുള്ളതിനാൽ 20 അംഗ പഞ്ചായത്ത് ഭരണ സമതിയിൽ ഇവർ കൂടി ജയിച്ചു വന്നാൽ ഏറ്റവും കുറഞ്ഞത് 15 അംഗങ്ങളും വനിതകളാകും. ജനറൽ സീറ്റുകളായ അഞ്ചാം വാർഡിൽ സാലി ജയചന്ദ്രനും 13-ാം വാർഡിൽ വിജി റജിമോനും 14-ാം വാർഡിൽ മിനി മനോജും 15-ാം വാർഡിൽ ദേവകി അന്തർജനവും 20 -ാം വാർഡിൽ മിനി ബിജുവുമാണ് പുരുഷ എതിരാളികളോട് പോരാടുന്നത്. മൂന്ന് മുന്നണികൾക്കും ഒരുപോലെ സാധ്യതയുള്ള ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് അയ്മനം.