ഈരാറ്റുപേട്ട: പൂഞ്ഞാർ പുളിക്കപ്പാലി വാർഡിലുള്ളവരുടെ വോട്ട് ഈ ഭർത്താവിനും ഭാര്യയ്ക്കും വേണം. വീടു കയറിയിറങ്ങുന്നത് രണ്ടു പേരും ചേർന്ന്. ഒാരോ വീട്ടിലും ചെന്ന് മോഹനൻ നായരും ഭാര്യ രമയും പറയും 'ഞങ്ങൾക്ക് വോട്ടു ചെയ്യണം".
പുളിക്കപ്പാലിയിലെ മതിലുകളിൽ ഭർത്താവിന്റെയും ഭാര്യയുടെയും ചുവരെഴുത്തുകൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ബോർഡുകളും ധാരാളം. രമാമോഹൻ പൂഞ്ഞാർ ബ്ലോക്ക് പഞ്ചായത്തിലേക്കാണെങ്കിൽ കെ.ആർ. മോഹനൻ നായർ ഗ്രാമപഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ഇരുവരും സി.പി.എം സ്ഥാനാർത്ഥികൾ. മോഹനൻ നായർ മത്സരിക്കുന്ന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ പുളിക്കപ്പാലിയുൾപ്പെടെയുള്ള പൂഞ്ഞാർ ഡിവിഷനിലാണ് രമാമോഹൻ ജനവിധി തേടുന്നത്.
മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ രമാമോഹൻ 1995ലും 2000 ലും പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. മോഹൻനായർ കഴിഞ്ഞ തവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പൂഞ്ഞാർ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. ഡിവിഷനിൽ ഭർത്താവ് നടപ്പാക്കിയ വികസനങ്ങൾ തനിക്ക് വോട്ടാക്കി മാറുമെന്ന വിശ്വാസത്തിലാണ് രമാമോഹൻ.