ചങ്ങനാശേരി: സോഷ്യൽ മീഡിയായിൽ പലതരം ചലഞ്ചുകളുണ്ട്, അക്കൂട്ടത്തിലിതാ ഇലക്ഷൻ ഫോട്ടോ ചലഞ്ചും. സിംഗിൾ, കപ്പിൾ, പുഞ്ചിരി, ബേബീസ് തുടങ്ങിയ പല പല ചലഞ്ചുകളും സേവ് ദ ഡേറ്റുകളും തരംഗമായി തകർത്തുവാരുന്നതിനിടെ തിരഞ്ഞെടുപ്പിലേയ്ക്ക് ആളുകളെ ആകർഷിക്കാൻ കണ്ട സൂത്രവിദ്യയാണ് ഇലക്ഷൻ ഫോട്ടോ ചലഞ്ച്. സോഷ്യൽ മീഡിയ സൈറ്റുകളിൽ ഇപ്പോൾ ഇതും വൈറലാണ്.
മുൻപൊക്കെ ഇലക്ഷൻ പ്രചാരണത്തിന്റെ ഫോട്ടോ എടുക്കൽ സ്റ്റുഡിയോ ചുവരുകൾക്കകത്തായിരുന്നു. ഇതിൽ നിന്നു മാറി ഔട്ട്‌ഡോറിൽ വ്യത്യസ്ത ആശയങ്ങളും രീതികളും പരീക്ഷിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഫോട്ടോഗ്രാഫർമാരുടെ പുത്തൻ ആശയങ്ങൾക്കനുസരിച്ചും സിനിമ സ്റ്റൈലിലും ആണ് ചിത്രീകരണം . ലോക്ക് ഡൗണും കൊവിഡും മൂലം ഫോട്ടോഗ്രാഫർമാർക്ക് ജോലി കുറവുമായിരുന്നു. ഇതിൽ നിന്നുള്ള മോചനമാകുകയാണ് സ്ഥാനാർത്ഥികളുടെ ഈ ഫോട്ടോ പ്രചരണം.