കോട്ടയം : ശബരിമല തീർത്ഥാടകരുടെ സുരക്ഷയെ മാനിക്കാതെ കൂടുതൽ തീർത്ഥാടകരെ ശബരിമല ദർശനത്തിന് അനുവദിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തിന് ദുരന്തം സമ്മാനിക്കാൻ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് കാരണമാകും. ശബരിമല വരുമാനം ഗണ്യമായി കുറഞ്ഞെന്നതിനാൽ 40 ശതമാനത്തിലധികം തീർത്ഥാടകരെ കൂടുതൽ അനുവദിക്കണമെന്നുള്ള ബോർഡിന്റെ ആവശ്യം ബാലിശമാണ്. സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് ഉന്നയിച്ച ആവശ്യം ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക പരാധീനത പരിഹരിക്കാൻ സർക്കാരിനോട് സാമ്പത്തിക സഹായം തേടാൻ ദേവസ്വം ബോർഡ്‌ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.