പാലാ : ഏഴാച്ചേരി പാലത്തുങ്കൽ , പള്ളത്ത്, ഓരത്തേൽ ഭാഗത്തെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനും അടിക്കടിയുള്ള വൈദ്യുതി തടസത്തിനും പരിഹാരമാകുന്നു. കെ.എസ്.ഇ.ബി രാമപുരം സെക്ഷന് കീഴിലെ ഈ മേഖലകളിൽ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതി തുടങ്ങി. ത്രീ ഫെയ്‌സ് ലൈൻ വലിച്ചാണ് വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നത്. ഇതിനായുള്ള പണികൾ ഇന്നലെ ആരംഭിച്ചു. ഏഴാച്ചേരി പാലത്തുങ്കൽ ഭാഗം പൗരസമിതി നേതാക്കളായ ബിനോയി ജോസഫ് പള്ളത്ത്, ജോയി ചെട്ടിയാകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം കുടുംബങ്ങൾ ചേർന്ന് രണ്ട് വർഷം മുൻപ് പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് നിവേദനം നൽകിയിരുന്നു. ഇത് അടിയന്തിര നടപടികൾക്കായി രാമപുരത്തെ കെ.എസ്.ഇ.ബി അധികാരികൾക്കയച്ചു. എന്നാൽ ചുവപ്പുനാടയിൽ കുടുങ്ങി ഫയലിൽ തീരുമാനം നീണ്ടതോടെ പൗര സമിതി കൺവീനർ ബിനോയി ജോസഫ് വൈദ്യുതി അദാലത്തിൽ പരാതിപ്പെട്ടു. തുടർന്നാണ് ത്രീ ഫേയ്‌സ് ലൈൻ വലിക്കാൻ തീരുമാനമായത്.

ലൈൻ വലിക്കേണ്ടത് ഒന്നര കിലോ.മീ

ഏഴാച്ചേരി മെയിൻ റോഡിൽ നിന്ന് പാലത്തുങ്കൽ ഓരത്തേൽ പള്ളത്ത് റോഡിലൂടെ ഒന്നര കിലോമീറ്ററോളം പുതിയ ലൈൻ വലിക്കേണ്ടതുണ്ട്. പുതുതായി 15 വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചു. എക്‌സിക്യുട്ടീവ് എൻജിനിയർ സാജമ്മ ജെ.പുന്നൂരിന്റെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിച്ച് ലൈൻ ചാർജ് ചെയ്യും.