കോട്ടയം : ശിശുക്ഷേമസമിതി അദ്ധ്യക്ഷസ്ഥാനം രാജിവയ്‌ക്കാതെ നഗരസഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം സമർപ്പിച്ചതായി പരാതി. നഗരസഭ കോടിമത സൗത്ത് വാർഡ് 44 ലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.ഷീജാ അനിലിനെതിരെ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷാണ് പരാതി നൽകിയത്. നഗരസഭയിലേയ്‌ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സർക്കാരിന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമാണെങ്കിൽ ഇത് രാജിവച്ച ശേഷം മത്സരിക്കാവൂ എന്നാണ് ചട്ടം. ഒരു മാസത്തെ മുൻകൂർ നോട്ടീസ് നൽകി രാജിവച്ച ശേഷം മാത്രമേ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാവൂ. എന്നാൽ ഷീജ അനിൽ കഴിഞ്ഞ 16 നാണ് രാജിക്കത്ത് സമർപ്പിച്ചത്. ഇത് ചട്ടലംഘനമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു രണ്ടുദിവസം മുൻപ് നൽകിയ രാജിക്കത്തിന്റെ അടിസ്ഥാനത്തിൽ ഷീജ അനിൽ ഔദ്യോഗിക പദവി വഹിക്കുന്നില്ലെന്ന വരണാധികാരിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. പക്ഷപാതിത്വപരമായ നിലപാട് സ്വീകരിക്കുന്ന വരണാധികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകുമെന്ന് നാട്ടകം സുരേഷ് അറിയിച്ചു.