bindu

കോട്ടയം: കോട്ടയം നഗരസഭാ ഭരണം ഈ ദമ്പതികൾക്ക് കുടുംബ കാര്യമാണ്. രണ്ട് പേരും മുൻ ചെയർമാൻമാർ. ഹാട്രിക് വിജയം നേടി കേരളത്തിൽ മറ്റൊരു ദമ്പതികൾക്കുമില്ലാത്ത റെക്കാഡിന് ഉടമകളായ എം.പി.സന്തോഷ് കുമാറും ബിന്ദു സന്തോഷ് കുമാറും അടുത്ത അങ്കത്തിനൊരുങ്ങുകയാണ്.

സന്തോഷ് കുമാർ 26-ാം വാർഡിലും ബിന്ദു 27ലുമാണ് ഇക്കുറി മത്സരിക്കുന്നത്. ഏത് വാർ‌ഡിൽ മത്സരിച്ചാലും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിനാലാണ് പല എതിർപ്പുകളുണ്ടായിട്ടും ഇരുവർക്കും സീറ്റ് ലഭിക്കുന്നത്. സന്തോഷ് കുമാർ ചെയർമാനായിരുന്നപ്പോൾ ബിന്ദു കൗൺസിലറായിരുന്നു. ബിന്ദു ചെയർപേഴ്‌സണായിരുന്നപ്പോൾ സന്തോഷ് കുമാറും കൗൺസിലറായി. ഇക്കുറി ബിന്ദു വൈസ് ചെയർമാനുമായി.
2000ത്തിൽ 33ാം വാർഡിൽ നിന്നാണ് സന്തോഷ് ആദ്യമായി കൗൺസിലറാകുന്നത്. ഈ സമയത്ത് രണ്ടര വർഷം ചെയർമാനുമായി. 2005 ൽ വീണ്ടും കൗൺസിലറായപ്പോൾ അടുത്ത വാർഡിൽ നിന്ന് ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു. കാലാവധി തീരും മുമ്പ് ബിന്ദുവും ചെയർപേഴ്‌സണായി. 2010ൽ സമീപ വാർഡുകളിൽ നിന്നു തന്നെ ഇരുവരും കൗൺസിലർമാരായി. ടേം വെച്ച് ചെയർമാൻ പദവി വീതം വച്ചപ്പോൾ രണ്ടു വർഷം ചെയർമാൻ സ്ഥാനം സന്തോഷ് കുമാറിനെ തേടിയെത്തി. അന്ന് തൊട്ട് ഇന്നുവരെ തൊട്ടടുത്ത വാർഡുകളിൽ ഇരുവരും മത്സരിക്കും. വിജയിക്കും. അതാണ് പതിവ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതും സൂക്ഷ്മ പരിശോധനാ സമയത്ത് ഹാജരാകുന്നതും ഒരുമിച്ച്.

വികസന പ്രവർത്തനങ്ങളാണ് തങ്ങളെ ജനങ്ങൾ അംഗീകരിക്കാൻ കാരണമെന്നാണ് ഇരുവരും പറയുന്നത്.

ഇക്കുറി നഗരസഭാ ചെയർമാൻ പദവി വനിതാ സംവരണമാണ്. യു.ഡി.എഫ് ഭരണം നിലനിറുത്തിയാൽ പരിഗണിക്കുന്ന പേരിൽ ബിന്ദുവുമുണ്ട്. ഭാര്യ ചെയർമാനും ഭർത്താവും വൈസ് ചെയർമാനുമാകുന്ന കൗതുകത്തിനും ഒരു പക്ഷേ, സാക്ഷ്യം വഹിക്കാം!