കട്ടപ്പന: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. പി.ജെ. ജോസഫിന്റെ ഹർജി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി നടപടി സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ്. കർഷക തൊഴിലാളിക്കും ചെറുകിട കർഷകർക്കും പെൻഷൻ അനുവദിച്ച കെ.എം. മാണിയുടെ രാഷ്ട്രീയ പൈതൃകം കേരള രാഷ്ട്രീയത്തിൽ നിലനിർത്താൻ ജോസ് കെ മാണിയുടെ നേതൃത്വത്തിന് സാധിക്കുമെന്ന് ഈ വിധിയിലൂടെ തെളിയിക്കപ്പെട്ടു. കേരള കോൺഗ്രസിനെയും കെ.എം. മാണിയേയും സ്‌നേഹിക്കുന്നവർ പാർട്ടിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ്. കാർഷിക മേഖല സംരക്ഷിക്കാനും ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനും എല്ലാവർക്കും സാമൂഹിക നീതി ഉറപ്പാക്കാനും എൽ.ഡി.എഫിനു സാധിക്കും. അപ്പീൽ നൽകുമെന്നുള്ള പി.ജെ. ജോസഫിന്റെ പ്രസ്താവന നിലനിൽക്കാത്തതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അഡ്വ. മനോജ് എംതോമസ്, ജോസ് എട്ടിയിൽ, അഡ്വ. ജോഷി മണിമല എന്നിവരും പങ്കെടുത്തു.