അടിമാലി: കറുത്തപൊന്നിന് പഴയ തിളക്കമില്ലെന്നാണ് കർഷകരുടെ വാദം. വിളവെടുപ്പിന് ഏതാനും നാളുകൾ മാത്രം ശേഷിക്കെ കുരുമുളക് വിലയിൽ കാര്യമായ വർദ്ധന ഉണ്ടാകാത്തത് കർഷകരെ നിരാശയിലാഴ്ത്തുന്നത്. ജില്ലയിൽ 330 രൂപയ്ക്ക് അടുത്താണ് ഇപ്പോഴത്തെ കുരുമുളക് വില. 700 രൂപയ്ക്ക് മുകളിൽ നിന്നും വില താഴേക്ക് പതിച്ചിട്ട് നാളുകളേറെയായി. വിലയിൽ വർദ്ധന ഉണ്ടാകാത്തത് കർഷകർക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. വിലയിടിവിനൊപ്പം കുരുമുളക് ചെടികൾക്ക് രോഗബാധ ഉണ്ടാകുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു. ഇലകൾ മഞ്ഞളിച്ച് കൊഴിഞ്ഞ് തണ്ടുകൾ കരിഞ്ഞുണങ്ങി ചെടി നശിക്കാൻ കുറഞ്ഞ ദിവസങ്ങൾ മതി. നല്ല കായ്ഫലം നൽകിയിരുന്ന കുരുമുളക് ചെടികൾ പോലും ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞുണങ്ങും. വിളവെടുപ്പാരംഭിച്ച് കൂടുതൽ കുരുമുളക് വിപണിയിലേക്കെത്തിയാൽ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയും കർഷകർ മുമ്പോട്ട് വയ്ക്കുന്നുണ്ട്. വിളവെടുപ്പിന്റെ തുടക്കകാലത്തെങ്കിലും മെച്ചപ്പെട്ട വിലലഭിച്ചാൽ മാത്രമെ നിലവിലെ സാഹചര്യത്തിൽ മുമ്പോട്ട് പോകാനാകൂവെന്നും കർഷകർ പറയുന്നു.