കട്ടപ്പന: ഇടുക്കി വനത്തിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് ഇനിയും തിരിച്ചറിയാനായില്ല.ആളെ കണ്ടെത്താൻ കട്ടപ്പന പൊലീസ് നാട്ടുകാരുടെ സഹായം തേടി. അടുത്തനാളിൽ മേഖലയിലെ വീടുകളിൽ നിന്നു കാണാതായവരെക്കുറിച്ചുള്ള വിവരം അറിയാവുന്നവർ കട്ടപ്പന സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
കോഴിമല പാമ്പാടിക്കുഴിയിൽ നിന്നു മൂന്നുകിലോമീറ്റർ അകലെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലെ പാറക്കെട്ടിലാണ് 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തിയത്. വനത്തിനുള്ളിൽ പട്രോളിംഗിനിടെ വനപാലക സംഘം കണ്ടെത്തിയ മൃതദേഹത്തിനു മൂന്നാഴ്ചത്തെ പഴക്കമുണ്ട്. സമീപത്തുനിന്ന് വിഷക്കുപ്പികളും കണ്ടെത്തിയിരുന്നു. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.