പാലാ : നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിപട്ടിക എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ളതാണന്ന് മുന്നണി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഓരോ വാർഡിലും വിജയസാദ്ധ്യതയുള്ളതും ഏറ്റവും യോജിച്ചതുമായ സ്ഥാനാർത്ഥികളെയാണ് നിറുത്തിയിട്ടുള്ളത്. 25ാം വാർഡിൽ നിന്ന് സി.പി.എം പ്രതിനിധിയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റും പാലാ ടൗൺശാഖാ സെക്രട്ടറിയുമായ ബിന്ദു സജിയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സി.പി.എം നേതാവ് ഷാർളി മാത്യു മൗനം പാലിച്ചപ്പോൾ മറുപടി പറഞ്ഞത് സി.പി.ഐ നേതാവ് അഡ്വ. തോമസ് വി.ടിയാണ്. ഏറ്റവും യോജിച്ച സ്ഥാനാർത്ഥിയല്ലാത്തതിനാലാണ് ബിന്ദുവിനെ ഒഴിവാക്കിയതെന്നായിരുന്നു വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധിയായി പത്രസമ്മേളനത്തിൽ പങ്കെടുത്ത ജോസുകുട്ടി പൂവേലിക്ക് മറുപടിയുണ്ടായിരുന്നില്ല. 26 വാർഡുകളിലേയും സ്ഥാനാർഥികളുടെ ലിസ്റ്റ് ഇടതുമുന്നണി മുനിസിപ്പൽതല കൺവീനർ സിബി തോട്ടുപുറം പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ അഡ്വ. ബിനു പുളിക്കകണ്ടം മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുളളൂ. തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകിട്ട് 5ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. സിബി തോട്ടുപുറം അദ്ധ്യക്ഷത വഹിക്കും. 23 ന് രാവിലെ 11ന് പാലാ ജനറൽ ആശുപത്രി ജങ്ഷനിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിക്കും.