പ്രതി സ്പൈഡർ ജയരാജ് ഒട്ടനവധി മോഷണക്കേസിൽ പ്രതി
കട്ടപ്പന: കല്യാണത്തണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പൈഡർ ജയരാജ് എന്ന് വിളിക്കുന്ന അടിമാലി മന്നാങ്കണ്ടം ആറാട്ട്കടവ് ജയരാജാ(30) ണ് പിടിയിലായത്. പളനിയിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ പൊലീസ് സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് 16ന് പുലർച്ചെയാണ് കല്യാണത്തണ്ട് ക്ഷേത്രത്തിൽ കവർച്ച നടത്തിയത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ശൂലം, താലി, വേൽ തുടങ്ങിയ സ്വർണാഭരണങ്ങളും 12,000 രൂപയും ശാന്തിമഠം തുറന്ന് 8000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. കൂടാതെ ശ്രീകോവിൽ, ഊട്ടുപുര, എന്നിവയും കുത്തിത്തുറന്നിരുന്നു. രാവിലെ മേൽശാന്തി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്.
കട്ടപ്പന സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയിൽ നിന്നാണ് ജയരാജ് പളനിയിലുള്ളതായി വിവരം ലഭിച്ചത്. ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ച ആഭരണങ്ങൾ അന്നുതന്നെ നഷ്ടപ്പെട്ടതായാണ് ജയരാജ് പൊലീസിനു നൽകിയ മൊഴി. അതേസമയം മൊബൈൽ ഫോൺ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. കൂടാതെ കുമളിയിൽ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചതായും പൊലീസിനോടു സമ്മതിച്ചു. സ്‌പൈഡർ ജയരാജ് ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്. എസ്.ഐ. സജി, എ.എസ്.ഐമാരായ ബേസിൽ, സുബൈർ, സി.പി.ഒ. അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.