കറുകച്ചാൽ: കൂൺകൃഷിയിൽ വിജയം കൊയ്ത് മാതൃകയാകുകയാണ് അൻപതു വയസുകാരി മാന്തുരുത്തി കുട്ടൻപേരൂർ ശോശാമ്മ. രണ്ടു വർഷം മുൻപ് 18 പേരടങ്ങുന്ന അയൽക്കൂട്ടത്തിൽ നിന്നും കൂൺകൃഷി പഠിക്കാനായി പാലായിലെ ഫാമിലേക്ക് പോയ ശോശാമ്മ. കൃഷിയെപ്പറ്റി കൂടുതൽ മനസിലാക്കിയ ശേഷം അയൽക്കൂട്ടത്തിലെ മുഴുവൻ അംഗങ്ങളെയും കൂൺ കൃഷി പരിശീലിപ്പിച്ചു. അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ കൂൺകൃഷി ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി ഓരോ അംഗങ്ങളും വീടുകളിൽ കൃഷി ആരംഭിച്ചു. പലരും പാതിവഴിയിൽ വെച്ച് നിർത്തി, ചിലരൊക്കെ വിജയിച്ചു. എന്നാൽ മുന്നോട്ടു കൊണ്ടുപോകാൻ ആരും തയ്യാറായില്ല. എന്നാൽ, ശോശാമ്മ മാത്രം പിന്മാറിയില്ല.
ശോശാമ്മ വീടിനോട് ചേർന്നു ചെറിയ ഒരു ഷെഡ് ഉണ്ടാക്കി കൂൺ കൃഷി വ്യാപിപ്പിച്ചു. കൂൺ ബെഡുകളുടെ എണ്ണം വർദ്ധിച്ചതോടെ ആഴ്ചതോറും വിളവെടുപ്പ് എടുത്തു തുടങ്ങി. വിപണിയിൽ എങ്ങനെ എത്തിക്കും എന്ന് ഭയപ്പെട്ടെങ്കിലും പ്രശ്നമുണ്ടായില്ല. പ്രദേശത്തെ ചെറു കച്ചവടക്കാർക്കായി ഓരോ പായ്ക്കറ്റുകൾ നൽകി തുടങ്ങി. ശുദ്ധവും പോഷക സമൃദ്ധവുമായ കൂൺ വാങ്ങാനായി വീട്ടിലും ആവശ്യക്കാരെത്തി. കിലോയ്ക്ക് 400 രൂപയാണ് വില. ആവശ്യക്കാർ കൂടിയതോടെ കൂൺ തികയുന്നില്ലെന്നാണ് ശോശാമ്മയുടെ പരിഭവം. ലോക്ഡൗൺ കാലത്തെ പ്രതിസന്ധിയിലും താങ്ങായത് വീട്ടുമുറ്റത്തെ കൂൺകൃഷിയാണെന്നാണ് ശോശാമ്മ പറയുന്നത്. പരിശ്രമിച്ചാൽ ആർക്കും കൂൺകൃഷിയിലൂടെ വിജയം നേടാമെന്നാണ് ശോശാമ്മ പറയുന്നത്.