ph

ചങ്ങനാശേരി: ഏത് ഫോട്ടോകൾ എടുത്താലും അതെല്ലാം ചലഞ്ചുകളാക്കി മാറ്റുകയാണ് പുത്തൻ തലമുറ. സിംഗിൾ, കപ്പിൾ, പുഞ്ചിരി, ബേബീസ് തുടങ്ങിയ ചലഞ്ചുകളും സേവ് ദ ഡേറ്റുകൾ തുടങ്ങിയവയാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലാകുന്നത്. ഇപ്പോൾ പുതിയ ചലഞ്ചിന് സോഷ്യൽമീഡിയ തയ്യാറെടുക്കുകയാണ്. പഴമയെ വിളിച്ചുണർത്തുന്ന ന്യൂജെൻ ഫോട്ടോഷൂട്ടുമായി ജനവിധി തേടുന്ന സ്ഥാനാർത്ഥികളാണ് സോഷ്യൽ മീഡിയായിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

മുൻപൊക്കെ ഇലക്ഷൻ പ്രചരണത്തിന്റെ സ്ഥാനാർത്ഥി ഫോട്ടോ എടുക്കൽ സ്റ്റുഡിയോ മുറിക്കുള്ളിൽ നിന്നുള്ളതായിരുന്നു. ഇതിൽ നിന്നും മാറി ന്യൂജെൻ രീതിയിൽ ഔട്ട്ഡോർ രീതിയിൽ വ്യത്യസ്ത ആശയങ്ങളും രീതികളും ഉൾക്കൊള്ളിച്ചുള്ള ഫോട്ടോ എടുക്കലാണ് തരംഗമാകുന്നത്. ഫോട്ടോഗ്രാഫർമാരുടെ പുത്തൻ ആശയങ്ങൾക്കനുസരിച്ചും സിനിമ സ്‌റ്റൈലിലും ആണ് ഫോട്ടോകൾ അരങ്ങ് തകർക്കുന്നത്. കട്ട്ഔട്ട് മാതൃകയിലാണ് ഓരോ സ്ഥാനാർത്ഥികളുടെയും ഫോട്ടോകൾ ഡിസൈൻ ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. ലോക്ക് ഡൗണും കൊവിഡ് 19 മൂലം ഫോട്ടോഗ്രാഫർമാർക്ക് വലിയ തോതിലുള്ള ജോലി കുറവുമായിരുന്നു. ഇതിൽ നിന്ന് അവർക്കും മോചനമാകുകയാണ് ഇലക്ഷൻ സ്ഥാനാർത്ഥികളുടെ ഫോട്ടോ പ്രചരണത്തിലൂടെ.

സ്മാർട്ട് ഫോണുകളും ആപ്പുകളും ഉപയോഗിച്ചുള്ള എഡിറ്റിംഗും കൂടെയാകുമ്പോൾ ചിത്രങ്ങൾ വേറെ ലെവലാകും. പ്രചാരണ അഭ്യർത്ഥനകളും ട്രോളുകളും ഇതിനൊപ്പം നടക്കുന്നുണ്ട്.