pgm-nair

വൈക്കം : ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 രാജ്യത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ ഗുണപരമായ മാ​റ്റത്തിന് വിത്തുപാകുമെന്നും അദ്ധ്യാപക പരിശീലന രംഗത്ത് ഇത് വിപ്ലവകരമായ മാ​റ്റങ്ങൾ സൃഷ്ടിക്കുമെന്നും നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) നാഷണൽ കൗൺസിൽ അംഗവും വിദ്യാഭ്യാസ വിചക്ഷണനുമായ ജോബി ബാലകൃഷ്ണൻ പറഞ്ഞു. വൈക്കം ശ്രീമഹാദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യൂക്കേഷണിൽ ദേശീയ വിദ്യാഭ്യാസ നയം അദ്ധ്യാപക പരിശീലനത്തിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ അധികരിച്ച് നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്ന് വ്യാഴവട്ടത്തിന് ശേഷമുണ്ടായ ഈ നയം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവർത്തനത്തിനുതകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ കേന്ദ്രീകൃത വിദ്യാഭ്യാസത്തെ ഭാരതീയ രീതിയിലേക്ക് പുനരാഖ്യാനം ചെയ്യുന്നതാണ് പുതിയ നയം . ഭാരതീയ വിദ്യാഭ്യാസ ചിന്ത ലോകത്തിന് തന്നെ മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പരിശീലകനുമായ എസ് ജയകുമാർ മോഡറേ​റ്റർ ആയിരുന്നു. പ്രിൻസിപ്പൽ സെ​റ്റിന പി പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമാഹാദേവ എഡ്യൂക്കേഷണൽ & ചാരി​റ്റബിൾ സൊസൈ​റ്റി പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ബി.മായ , വി.ആർ.സി നായർ, ഓം ഫൗണ്ടേഷൻ ചെയർമാൻ ആദർശ് എം നായർ, ടീച്ചർ എഡ്യൂക്കേ​റ്റേഴ്‌സായ ഗായത്രി മനോഹരൻ, പ്രീതി മാത്യു, ടീച്ചർ ട്രെയിനീസായ ഗായത്രി രാജു, രാജലക്ഷ്മി, അർജുൻ പി മോഹൻ, അഖിലശ്രീ , അൻജു കൃഷ്ണ , സൂപ്രണ്ട് ശ്രീജ എം.എസ്, അജിത് സി.എ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് എസ്.ജയകുമാറിന് പ്രത്യേക പുരസ്‌ക്കാരം നൽകി ആദരിച്ചു. രത്‌ന സാഗർ നടത്തിയ നാഷണൽ വെബിനാറിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്ക​റ്റുകൾ വിതരണം നടത്തി.