honeytrap

കോട്ടയം: വാട്‌സ്ആപ്പ് വീഡിയോ കോളിൽ കെണിയൊളിപ്പിച്ച് മാഫിയ സംഘം. പണം തട്ടുന്ന ഉത്തരേന്ത്യൻ അശ്ലീല വീഡിയോ കോൾ മാഫിയയാണ് ജില്ലയിലും വ്യാപകമായിരിക്കുന്നത്. പണം നഷ്‌ടമായില്ലെങ്കിലും അശ്ലീല വീഡിയോ കോൾ റെക്കോഡ് ചെയ്‌ത ശേഷം ഭീഷണി മുഴക്കിയതായാണ് പരാതി . അശ്ലീല വീഡിയോ കോൾ വിളിച്ചിരിക്കുന്ന സ്‌ത്രീകളെല്ലാം സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരാണ്.

വാട്‌സ്ആപ്പ് കോളിൽ ഇന്റർനെറ്റ് നമ്പരിൽ നിന്നാണ് വീ‌ഡിയോ കോളുകൾ എത്തുന്നത്. ഈ വീഡിയോ കോളുകൾ അറ്റൻഡ് ചെയ്താൽ സുന്ദരിയായ പെൺകുട്ടിയായിരിക്കും എത്തുക. നിമിഷങ്ങൾക്കകം ഈ സുന്ദരി അശ്ലീല പ്രദർശനം തുടങ്ങും. വീഡിയോ കട്ട് ചെയ്‌താലും അശ്ലീല ദൃശ്യം ഫോൺ നമ്പരിന്റെ ഉടമ കാണുന്നത് റെക്കോഡ് ചെയ്‌തിരിക്കും. ഇതു കാട്ടിയാണ് പിന്നീട് ബ്ലാക്ക് മെയിലിംഗ് .

ജാഗ്രത വേണം

 പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും വീഡിയോ കോൾ എടുക്കരുത്

വിദേശ നമ്പരുകളിൽ നിന്നു വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്

കോൾ എടുക്കുമ്പോൾ ഭീഷണിയുണ്ടായാൽ പൊലീസിൽ പരാതിപ്പെടുക

ഒരു മാസത്തിനിടെ 27 പരാതികൾ

ഒരു മാസത്തിനിടെ അശ്ലീല വീഡിയോ കോൾ സംബന്ധിച്ച് സൈബർ സെല്ലിന് 27 പരാതികളാണ് ലഭിച്ചത്. ജില്ലയിൽ ലോക്ക് ഡൗണിനു ശേഷം അശ്ലീല വീഡിയോ കോൾ തട്ടിപ്പും ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വയം ബോധവത്കരണം ആവശ്യമാണ് . അതീവ ജാഗ്രതയോടെ മാത്രമേ വാട്‌സ്ആപ്പ് വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യാവൂ.

ഗിരീഷ് പി.സാരഥി, ‌ഡിവൈ.എസ്.പി,

സൈബർ സെൽ,കോട്ടയം